Monday, November 3, 2014

അയത്നലളിതം

"നീ ലളിതയെ ഓർക്കുന്നുണ്ടോ?" അപ്പന്റെ ചോദ്യം മനസ്സിനെ വളരെ വേഗം മുപ്പതു വർഷം പിന്നോട്ടു കൊണ്ടുപോയി.

അന്ന് ജീവിതം ഇന്നത്തെയത്ര സങ്കീർണമായിരുന്നില്ല. ഒരു പൂവിരിയുന്നത് നോക്കിനില്ക്കുന്ന പ്രായം. രാവിലെ സ്കൂളിൽ പോകുന്ന വഴി ചാണകത്തിൽ  ചവിട്ടാതിരിക്കാനും (ചാണകത്തിൽ ചവിട്ടിയാൽ ടീച്ചറുടെ കയ്യിൽ നിന്നും അടി ഉറപ്പാണ്‌!), വല്ലപ്പോഴും കടന്നുപോകുന്ന ആനയുടെ പിൻഭാഗം കാണാനും (അതു കണ്ടാൽ അടി കിട്ടില്ല എന്നുറപ്പിക്കാം) ഒക്കെ മാത്രം ശ്രദ്ധിക്കേണ്ടിയിരുന്ന, ആകുലതകളും വിഹ്വലതകളുമില്ലാതിരുന്ന ബാല്യം.

ഞാനും അനുജനുമൊക്കെ വളർന്ന തറവാട്ടുവീടിന്റെ അയൽവക്കത്തായിരുന്നു ലളിതയുടെ വീട്. തറവാടെന്നു കേൾക്കുമ്പോൾ നീർമാതളത്തിന്റെ കഥാകാരിയുടെ നാലപ്പാടൊക്കെയാവും മനസ്സിൽ പെട്ടെന്നു വരിക. ഈ തറവാടിന് അത്ര വലിപ്പം വരില്ല. ഇത്തിരി കൂടി ചെറിയ ഒരു കൊച്ചുതറവാട്ടുവീട്. നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും വാടകയ്ക്ക്  വീടന്വേഷിക്കാൻ ബോബി കൊട്ടാരക്കരയുടെ കഥാപാത്രത്തോട് വിവരിക്കുന്നതുമാതിരി രണ്ടുമൂന്നു മാത്ര ഡൌണ്‍ഗ്രേഡ് ചെയ്തു സങ്കൽപ്പിച്ചാൽ ഏതാണ്ടു ശരിയാവും.

ഒരു കുന്നിൻചെരുവിലായിരുന്നു ആ കൊച്ചുതറവാട്ടുവീട്. അവിടെയൊക്കെ രണ്ടു കുന്നുകളുടെ അതിരായി മിക്കവാറും ഒരു ചെറിയ തോടൊഴുകുന്നുണ്ടാവും. ഇതുപോലൊരു തോട്ടിൻകരയിലാണ് ലളിതയുടെ വീട്. കേരള ഭൂപ്രകൃതിയെ മലനാട്, ഇടനാട്‌, തീരപ്രദേശം എന്ന് മൂന്നായി വേർതിരിച്ചിട്ടുണ്ടെന്നും നമ്മുടെ ഗ്രാമം ഇടനാട്‌ എന്ന വിഭാഗത്തിലാണ് വരിക എന്നും പില്ക്കാലത്ത് സാമൂഹ്യപാഠം മാസ്റ്റർ ക്ലാസ്സിൽ പറഞ്ഞപ്പോൾ എനിക്കതത്ര ബോദ്ധ്യമായിരുന്നില്ല. ഞങ്ങളുടെ ഗ്രാമം നിറയെ കുന്നുകളും മലകളുമാണ്. അത് ഇടനാടാണെങ്കിൽ യഥാർത്ഥത്തിൽ മലനാട് എങ്ങനെയാവും എന്ന് ഞാൻ അദ്ഭുതം കൂറിയിരുന്നു.

കുന്നിൻചെരുവിലുള്ള തറവാടിന്റെ തെക്കേമുറ്റം കടന്നാൽ മാവിൻ ചുവടായി. എരിവേനലിൽ ഒരിളംകാറ്റു വീശുമ്പോൾ പോലും പത്തും പതിനഞ്ചും മാമ്പഴങ്ങൾ കനിഞ്ഞു പൊഴിയ്ക്കുന്ന നാട്ടുമാവ്! പച്ചനിറത്തിൽ ഇളം മഞ്ഞ കലർന്നാൽ പഴുപ്പ് പാകം. കുട്ടികൾ പോലും മൂന്നോ നാലോ തവണ കടിച്ചാൽ തീരുന്നത്ര ചെറിയ മാമ്പഴങ്ങൾ. പഴം തീരുന്നിടത്തു തെളിയുന്ന മാങ്ങയണ്ടിയ്ക്ക് കൂട്ട് പോവാൻ ചങ്ങാതികളെ ക്ഷണിച്ചുകൊണ്ട് ആവുന്നത്ര ദൂരേയ്ക്ക് എറിയുന്നത് ഞങ്ങളിൽ ചിലർ മാമ്പഴം കഴിക്കുന്നതിനേക്കാൾ  ആസ്വദിച്ചിരുന്നു. മാവും കടന്നു മുമ്പോട്ടു നടന്നാൽ ഒരു നാരകമരം നില്ക്കുന്നുണ്ടായിരുന്നു. പോമെലോ (pomelo) എന്ന് ലോകം വിളിക്കുന്ന ആ നാരങ്ങകളെ ഞങ്ങൾ കമ്പിളിനാരങ്ങ എന്ന് വിളിച്ചു. ചിലർ ഇവയെ ബബ്ലൂസ് നാരങ്ങ എന്നും വിളിക്കാറുണ്ടെന്നു കാലമേറെ കഴിഞ്ഞ് ഞങ്ങളുടെ പഞ്ചായത്തിനുമപ്പുറം ഒരു ലോകമുണ്ടെന്നു കണ്ടപ്പോൾ മനസ്സിലായി. ഈ നാരകം വെളുത്ത പഴങ്ങളായിരുന്നു തന്നത്. ചുവന്ന പഴങ്ങൾ കായ്ക്കുന്ന മരങ്ങൾ അടുത്തൊക്കെ കണ്ടിരുന്നു. രുചിയിൽ ഒരു വ്യത്യാസവും തോന്നിയിരുന്നില്ലെങ്കിലും മനസ്സിൽ ചുവന്ന പഴങ്ങളോടായിരുന്നു കൂടുതൽ പ്രതിപത്തി. അതുകൊണ്ടാവും, നാരങ്ങയുടെ പുറന്തോടു കൊണ്ട് സ്ലേറ്റു വൃത്തിയാക്കാനായിരുന്നു ഞാൻ ഇവ കൂടുതലും ഉപയോഗിച്ചത്. ശേഷം വരുന്നവ അനുജന്റെ ദേഹത്ത് നാരങ്ങാച്ചുന ചീറ്റി അവനെ ശുണ്ഠിപിടിപ്പിക്കാനും ഉതകിയിരുന്നു.

നാരകച്ചുവട്ടിൽ നിന്നും നേരെ ഒരു ചെറുകയ്യാല ചാടിയാൽ മരച്ചീനിത്തോട്ടത്തിൽ എത്തും നാരകത്തിനു നേരെ അടിയിലുള്ള മരച്ചീനികളുടെ ഇടയിലെല്ലാം കമ്പിളിനാരങ്ങകൾ മൂത്തുപഴുത്തു വീണു കിടക്കുന്നുണ്ടാവും. ഇന്ന് വലിയ വിലകൊടുത്തു പോമെലോ വാങ്ങുന്നത് പണ്ട് വെറുതേ കളഞ്ഞ മധുരക്കമ്പിളിനാരങ്ങകളോട് ഏറെ വൈകിയുള്ള ഒരു നീതിചെയ്യലാവും. മരച്ചീനികളുടെ ഇടയിലൂടെ അധികം നടക്കേണ്ട, പഞ്ചായത്തുറോഡിലെത്താൻ. റോഡിനും മരച്ചീനികൾക്കും അതിരിട്ട് ഒരു വലിയ കയ്യാല ഉണ്ട്. ഇത് ചാടിക്കടക്കാനാവില്ല എങ്കിലും കുത്തുകല്ലുകൾ ഉണ്ട്. ഒരു കാൽമാത്രം വയ്ക്കാവുന്ന കുത്തുകല്ലുകളിലൂടെ ബാലൻസ് ചെയ്തിറങ്ങിയാൽ റോഡായി. ടാറിന്റെ കറുപ്പ് ലവലേശം തീണ്ടാത്ത റോഡ്‌. വല്ലപ്പോഴും വരുന്ന വില്ലീസ് ജീപ്പുകൾ, ഗർവാസീസ് മുതലാളിയുടെ കറുത്ത അംബാസഡർ കാർ മുതലായവ ചെമ്മണ്ണു കൊണ്ട് പൂഴിക്കടകൻ തീർത്തിരുന്ന റോഡ്‌, പട്ടണത്തിൽനിന്നും ഗ്രാമഹൃദയത്തിലേക്കുള്ള സിരയായും ഗ്രാമനന്മകൾ പുറത്തേക്കൊഴുക്കുന്ന ധമനിയായും നിലകൊണ്ട രാജവീഥി.

ഈ റോഡു മുറിച്ചു കടന്നാൽ ലളിതയുടെ വീടായി. മുൻപിൽ റോഡും, പിറകിൽ തോടും തീർത്ത സമാന്തരരേഖകളുടെ ഇടയിലുള്ള തുണ്ടുഭൂമിയിൽ അവർ ഒരു കൊച്ചുവീടിനുള്ള സാധ്യത കണ്ടു. ലളിതയുടെ വീടിനു തെക്കേ അതിരായി റോഡിൽ നിന്നും തോട് മുറിച്ചുകടന്നു ഒരു വഴി. കവലയിൽ സ്റ്റേഷനറി സാധനങ്ങൾ വില്ക്കുന്ന കടനടത്തുന്ന, ജീപ്പുടമയായ തങ്കപ്പൻ ചേട്ടന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴി തോടിനെ മറികടക്കുന്നത് കരിഓയിൽ പൂശിയ തേക്കുതടിപ്പലകകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു പാലത്തിന്റെ തോളിലേറിയാണ്. മിക്കവാറും രാത്രികളിൽ കടപൂട്ടി വീട്ടിലേക്കുള്ള യാത്രയിൽ തങ്കപ്പൻ ചേട്ടൻ ഈ വഴിയിൽ കൂടി ജീപ്പ് പായിക്കാറുണ്ട്. ജീപ്പ് തടിപ്പാലത്തിലെത്തുമ്പോൾ സാധാരണ ദുഃഖവെള്ളിയാഴ്ചകളിൽ "അനന്തരം മിശിഹാ കുരിശിൽ തല ചായ്ച്ചു തന്റെ ജീവനെ സമർപ്പിച്ചു" എന്ന വാചകത്തോടൊപ്പം പള്ളിയിൽ മുഴങ്ങുന്ന മരമണിയുടെ "ഘട ഘട" ശബ്ദത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഭീകരസ്വരം ഉയരാറുണ്ട്. ഈ തങ്കപ്പൻചേട്ടൻ അപ്പന്റെ സതീർഥ്യനാണ്. കാറുള്ളവരെ മുതലാളിമാരായും, ജീപ്പുള്ളവരെ നല്ല നിലയിൽ കഴിയുന്ന മനുഷ്യരായും എന്നിലെ കുട്ടി വേർതിരിച്ചു. സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലാത്ത തന്നെപ്പോലെയുള്ളവരെ ഏതു വിഭാഗത്തിൽ പെടുത്തും എന്ന ആശയക്കുഴപ്പവും ഈ കുട്ടിക്കുണ്ടായിരുന്നു.

അമ്മയോ വല്യമ്മച്ചിയോ തോട്ടിൽ തുണി തിരുമ്മാൻ പോകുമ്പോൾ ഞാനും കൂടെ കൂടിയിരുന്നു ചിലപ്പോൾ. അവിടെയൊക്കെ സാധാരണ കയ്യാലകളിൽ വളരുന്ന ഒരുതരം വള്ളിപ്പടർപ്പുണ്ട്. 'കണ്ണിൽ തുള്ളി' എന്ന്   ഞങ്ങൾ വിളിക്കുന്ന ഈ വള്ളിയിൽ നിന്ന് ഊറിവരുന്ന നല്ല തണുപ്പുള്ള ദ്രാവകം കണ്ണിൽ ഇറ്റിച്ച്‌ കളിക്കുമ്പൊഴോ, തോട്ടിൻകരയിൽ കരിനീലനിറമുള്ള കാക്കപ്പൂവ് തിരയുമ്പൊഴോ, തോർത്തുകൊണ്ട്  ചെറുമീനുകളെ പിടിക്കാൻ ശ്രമിക്കുമ്പൊഴോ ഒക്കെയാവും ലളിത വരിക. മുതിർന്ന മറ്റുപലരിലും അക്കാലങ്ങളിൽ കാണാൻ കഴിയാതിരുന്ന ഒരു ആർദ്രത ലളിതയുടെ നോട്ടത്തിലുണ്ടായിരുന്നു. വെള്ളത്തിൽ അധികനേരം കളിച്ചാൽ ജലദോഷം വരുമെന്നുള്ള മുന്നറിയിപ്പുകൾ നല്കാൻ അമ്മയോടും വല്യമ്മച്ചിയോടും തന്നെ പോന്ന ശുഷ്കാന്തി ലളിതയും കാട്ടി. മൂന്നുമക്കളാണ് ലളിതയ്ക്ക്. അവരിൽ രണ്ടുപേരും അക്കാലത്ത് ഞങ്ങൾ കുട്ടികളിൽ വർദ്ധിച്ച ആരാധനയ്ക്കു പാത്രീഭവിച്ച ഡ്രൈവർ ജോലി നോക്കിയിരുന്നു.

സ്ലേറ്റിൽ പകർത്തിയെഴുതുന്നത് സ്കൂൾ ഹോംവർക്കിലെ ഒരു പ്രധാന ഇനമാണ്. സ്കൂൾ വിട്ടുവന്നാൽ വൈകുന്നേരം തന്നെ മിക്കവാറും പിറ്റേ ദിവസത്തേക്കുള്ള പകർത്ത് എഴുതിവച്ചിരിക്കും. അങ്ങനെ ഒരു ദിവസം കസേരയിൽ സ്ലേറ്റ് കിടക്കുന്നതറിയാതെ അതിനു മുകളിൽ ഇരുന്നായി പ്രഭാതഭക്ഷണം. ഭക്ഷണം കഴിഞ്ഞ് ധൃതിയിൽ സ്കൂളിലേക്കിറങ്ങുമ്പോഴാണ്‌ പകർത്തിവച്ചത് ഏതാണ്ട് നല്ലൊരുഭാഗത്തോളം മാഞ്ഞുപോയതായി കണ്ടത്! ടീച്ചറുടെ അടി ഏകദേശം ഉറപ്പാണ്. ബസ് കാത്തുനിൽക്കുമ്പോൾ മനസ്സിലുള്ള വിങ്ങൽ കണ്ണുനീരായി പുറത്തേക്കൊഴുകിക്കൊണ്ടിരിക്കെ ലളിതയും ബസ് സ്റ്റോപ്പിലെത്തി. "എന്തിനാ കുട്ടി കരയുന്നത്?" കാര്യം പറഞ്ഞപ്പോൾ സ്ലേറ്റു വാങ്ങി നോക്കിയിട്ട് പറഞ്ഞു: "ഇത് കണ്ടാലറിയാമല്ലോ കുട്ടി എഴുതിയിട്ട് മാഞ്ഞുപോയതാണെന്ന്, ഇതിനു ടീച്ചർ ഒന്നും പറയില്ല, അയ്യേ... ആണ്‍കുട്ടികൾ ഇങ്ങനെ കരയാമോ, നാണക്കേടാവില്ലേ?" കരച്ചിലടക്കാൻ ശ്രമിച്ചുവെങ്കിലും ആണ്‍കുട്ടികൾ കരയാൻ പാടില്ലാത്തത്തിന്റെ കാരണം മാത്രം പിടികിട്ടിയില്ല. ലളിത പറഞ്ഞതുപോലെതന്നെ  ടീച്ചർ അടിയൊന്നും തന്നില്ല. സ്ലേറ്റു നോക്കിയശേഷം ഒന്നമർത്തി മൂളി എന്നുമാത്രം.

"ലളിതയെ ഓർക്കുന്നുണ്ടോ നീയ്?"  ആദ്യം ചോദിച്ചതു കേട്ടില്ല എന്നുകരുതി അപ്പൻ ആവർത്തിച്ചു. "ഉവ്വ്" പെട്ടെന്നു മറുപടി പറഞ്ഞു. "ങ്ഹാ...  ലളിത മരിച്ചുപോയി" വർദ്ധിച്ചുവരുന്ന തണുപ്പിനെ പഴിച്ചുകൊണ്ട്  അപ്പൻ പതിയെ നടന്ന്‌ കിടപ്പുമുറിയിലേക്ക് പോയി.

Monday, May 21, 2012

മാതൃഹൃദയം

"നാളെയെങ്കിലും എന്‍റെ കുട്ടിക്ക് ഇഷ്ടമുള്ളതെന്തെങ്കിലും ഉണ്ടാക്കിക്കൊടുക്കണം", മേരി ചിന്തിച്ചു. പെസഹയുടെ പിറ്റേന്ന് അമ്മയെ കാണാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഉണ്ണിയെ വീട്ടിലേക്കൊന്നും തീരെ കിട്ടാറില്ല. പെസഹ  താനൊറ്റയ്ക്ക് കഴിച്ചുകൂട്ടുകയായിരുന്നു. ഈയിടെയായി യാതൊരു ഉത്സാഹവുമില്ല, ഒന്നിനും. ഉണ്ണി വീട്ടിലുണ്ടെങ്കില്‍ സംസാരിച്ചിരുന്നും, അവനെന്തെങ്കിലും വച്ചുണ്ടാക്കിക്കൊടുത്തും ഒരു ഉന്മേഷമൊക്കെ തോന്നിയേനെ. തിരക്കിട്ട് എന്തൊക്കെയോ ചെയ്തുതീര്‍ക്കാനുള്ള ഭാവത്തിലാണ് ഉണ്ണി എപ്പോഴും. ഇതു കാണുമ്പോള്‍ എന്തോ ഒരു വല്ലായ്ക തോന്നുന്നു. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ! പെസഹ പോലെയുള്ള വിശേഷവേളകള്‍ ഒറ്റയ്ക്കാവുമ്പോള്‍ ജോസഫിനെ ഓര്‍മവരും. താനും ജോസഫും ഉണ്ണിയും ഒരുമിച്ചുള്ള പണ്ടത്തെ ആ പെസഹാക്കാലം! ദേവാലയത്തില്‍വച്ച് കുഞ്ഞിനെ കണ്ടപ്പോള്‍ ശിമയോന്‍ പറഞ്ഞ കാര്യങ്ങള്‍ ഈയിടെയായി ഓര്‍മ വരുന്നു. മനസ്സില്‍ സുരക്ഷിതത്വം തീരെ കുറഞ്ഞുവരുന്നതായി മേരിക്കു തോന്നി.

ഒന്നുമുണ്ടാവില്ല. താന്‍ വെറുതേ ഇരുന്ന്‌ ഒരോന്നാലോചിച്ചു കൂട്ടുന്നതാവും. എങ്കിലും, കുട്ടി ഒന്നുവന്നിരുന്നെങ്കില്‍ എന്നു മേരി വല്ലാതെ ആശിച്ചു. വല്ലപ്പോഴുമെങ്കിലും ആ മുഖം ഒന്നു കാണുമ്പോള്‍ ഏറെ ആശ്വാസം തോന്നാറുണ്ട്. മൂത്തതും ഇളയതുമായി തനിക്കാകെ അവനല്ലേ ഉള്ളൂ! പക്ഷേ, ഇപ്പോള്‍ അവന്‍ തന്‍റെ മാത്രം കുഞ്ഞല്ലല്ലോ! എത്രയോ അമ്മമ്മാര്‍ ആ മുഖം കണ്ട് ആനന്ദം കൊള്ളുന്നു. എത്രയോ രോഗികള്‍ ആ മൃദുസ്പര്‍ശമേറ്റ് ആശ്വസിക്കുന്നു! കാനായിലെ ആ രാത്രിയിലാണ് എല്ലാറ്റിന്‍റെയും തുടക്കമായത്. സമയമായില്ല എന്നു ശങ്കിച്ചുനിന്ന കുട്ടിയെ, അവര്‍ക്ക് നിന്നെക്കൊണ്ട്  ആവശ്യമുണ്ട് എന്നു നിര്‍ബന്ധിച്ച്, ലോകത്തിനു മുഴുവനായി താന്‍ വിട്ടുകൊടുക്കുകയായിരുന്നില്ലേ! അന്നുതുടങ്ങിയാണ് മേരിയുടെ ഉണ്ണി വിശ്വത്തിന്‍റെ മുഴുവന്‍ ഉണ്ണിയായത്‌. മേരിക്ക് അവനെ നഷ്ടമായിത്തുടങ്ങിയതും അന്നാണ്.

ചിന്തിച്ചിരുന്നാല്‍ ശരിയാവില്ലല്ലോ. ഇത്തിരി മത്സ്യം കിട്ടിയത് അവനിഷ്ടപ്പെട്ടതു പോലെ ഒന്നു വച്ചുണ്ടാക്കണം. മേരി മെല്ലെ അടുക്കളയിലേക്കു തിരിഞ്ഞു. നേരം നന്നായി ഇരുട്ടിയിട്ടുണ്ട്. ജനാലയുടെ വിടവില്‍ക്കൂടി തണുപ്പ് അരിച്ചിറങ്ങുന്നു. കതക് ഒന്നുകൂടി തുറന്ന്‍ വലിച്ചടച്ചു. ജോസഫിന്‍റെ കൈകൊണ്ട് പണിത കതകും ജനാലയുമൊക്കെ ആണ്. ജനാലക്കതകില്‍ പിടിച്ചപ്പോള്‍ ഇതുപോലെ തണുപ്പുള്ള ഒരു രാത്രി അവള്‍ക്കോര്‍മ വന്നു. ജോസഫിനൊപ്പം, പൂര്‍ണ ഗര്‍ഭിണിയായി, തുറക്കാത്ത കതകുകള്‍ മുട്ടിനടന്ന ഒരു രാവ്! മനസ്സുവീണ്ടും ചിന്തകളിലേക്ക് വഴുതുകയാണ്. പറക്കമുറ്റാത്ത കുട്ടിയെ ഒരുത്സവക്കാലത്ത് മൂന്നുദിവസം തുടര്‍ച്ചയായി കാണാതായപ്പോള്‍ പോലും തോന്നാതിരുന്ന ഒരു പരിഭ്രമം ഇപ്പോഴെന്തേ? തനിക്കു പ്രായമേറി വരികയാണല്ലോ. മേരി ആശ്വസിക്കാന്‍ ശ്രമിച്ചു. സ്വയംപര്യാപ്തരായി കൂടുവിട്ടു പറന്നകലുന്ന കുഞ്ഞുങ്ങളെയോര്‍ത്ത് ഏതൊരമ്മക്കിളിക്കും ഇങ്ങനെയൊക്കെയാവും തോന്നുക. ആഹാരകാര്യങ്ങള്‍ തീരെ അലട്ടാത്ത പ്രകൃതമാണെങ്കിലും, അമ്മ വച്ചുണ്ടാക്കുന്ന മത്സ്യത്തിന്‍റെ സ്വാദിനെക്കുറിച്ച് ഉണ്ണി പലതവണ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ഉണ്ടാക്കുന്നതൊക്കെ അവനിഷ്ടമായതു പോലെ ഒത്തുവന്നാല്‍ മതിയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് വീട്ടില്‍ വന്നപ്പോള്‍ എന്നും കാണുന്ന ആ ചുറുചുറുക്കിനെന്തോ ഒരു കുറവ് മേരിക്ക് തോന്നിയിരുന്നു. അവനെ എന്തോ അലട്ടുന്നതുപോലെ. "എന്താ കുട്ടീ, അമ്മയോടു പറഞ്ഞൂടേ"  എന്നു ചോദിച്ചപ്പോള്‍, "എനിക്കൊന്നുമില്ല, ഒക്കെ അമ്മയുടെ തോന്നലാണ്" എന്നു പറഞ്ഞൊഴിഞ്ഞു, അവന്‍. തന്നില്‍ നിന്നെന്തോ ഒളിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. ഇക്കഴിഞ്ഞ ഓശാനയുടെ അന്ന് ജറുസലേമില്‍ എന്തൊക്കെയോ കോലാഹലങ്ങളൊക്കെ ഉണ്ടായതായും ഉണ്ണിയെ കുറേപേര്‍ രാജാവെന്നു വിളിച്ച് ഒലിവില വീശി എഴുന്നള്ളിച്ചതായുമൊക്കെ  ജോണ്‍ പറഞ്ഞറിഞ്ഞിരുന്നു. ഫരിസേയര്‍ക്കും, സീസറിന്‍റെ ആള്‍ക്കാര്‍ക്കും ഇഷ്ടമാവുന്നുണ്ടാവില്ല ഇതൊന്നും. പണ്ടേ ഇവരുടെയൊക്കെ കണ്ണിലെ കരടാണല്ലോ എന്‍റെ കുട്ടി. എല്ലാവര്‍ക്കും ഒരുപോലെ സ്നേഹവും ആനന്ദവും സമാധാനവും തീര്‍ക്കുന്ന രാജ്യമാണ് അവന്‍ ഭരിക്കുന്നതെന്ന് എന്നാണിവര്‍ മനസ്സിലാക്കുക! കുതിരക്കുളമ്പടികളും  കുന്തമുനകളും ആര്‍പ്പുവിളികളും നിറഞ്ഞ രാജ്യമല്ല അത്. ദയയും നന്മയും സംയമനവും തെളിനീരു പോലെ ഒഴുകുന്ന രാജ്യം. സൌമ്യതയും ആര്‍ദ്രതയും തൂമഞ്ഞുപോലെ പൊഴിയുന്ന ദൈവരാജ്യം. ഐഹികമായ യൂദയായുടെ നാലതിരുകളില്‍ ഒതുങ്ങാത്ത ആ ലോകത്തെ ചക്രവര്‍ത്തിയാണവന്‍.

ആരോ വാതിലില്‍ ശക്തിയായി മുട്ടുന്നതു കേട്ട് മേരി ചിന്തകളില്‍ നിന്ന്‍ ഞെട്ടിയുണര്‍ന്നു. ആരാണീ അസമയത്ത്! ഇനി ഉണ്ണി നേരത്തെയെങ്ങാനും എത്തിയോ! വാതില്‍പാളികള്‍ അല്പം  മാറ്റി പുറത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് ഉറ്റുനോക്കി. "മേരിയമ്മേ, ഇതു ഞാനാണ്, ജോണ്‍" അവന്‍റെ സ്വരത്തില്‍ ഒരു പരിഭ്രാന്തി നിഴലിച്ചിരുന്നുവോ. "ആഹാ, നീയോ? എന്താ കുഞ്ഞേ, ഈ നേരത്ത്?, കയറി വരൂ" മേരി ക്ഷണിച്ചു. ഉള്ളിലെ വെളിച്ചത്തിലാണ് ജോണിന്‍റെ യഥാര്‍ത്ഥരൂപം അവള്‍ കണ്ടത്. അവനാകെ ഓടിത്തളര്‍ന്നിരുന്നു. അവന്‍റെ വസ്ത്രം അവിടവിടെയായി കീറിയിരുന്നു. ആ കീറലുകളില്‍ ചോര പൊടിഞ്ഞിരുന്നു. "അമ്മ വേഗം എന്‍റെ കൂടെ വരണം, ഒരു അത്യാവശ്യമുണ്ട്", അവന്‍ പറഞ്ഞു. "ഈ രാത്രിയില്‍ എവിടെയാണ് നമ്മള്‍ പോകുന്നത്?", മേരി ചോദിച്ചു. "അമ്മ ഒന്നു വേഗം ഒരുങ്ങൂ, ബാക്കി ഞാന്‍ വഴിയേ പറയാം, ഞാനിത്തിരി വെള്ളം കുടിക്കട്ടെ", അവന്‍ അടുക്കളയിലേക്കോടി. മേരി തിടുക്കത്തില്‍ ഒരുങ്ങിയിറങ്ങി. പുറത്തു സാമാന്യം തണുപ്പുണ്ടായിരുന്നു. "നിനക്കു ഞാന്‍ ഒരു മേലങ്കി കൂടി എടുക്കാം ജോണ്‍" മേരി തിരികെ കയറാനൊരുങ്ങിയപ്പോള്‍ അതുകാര്യമാക്കേണ്ട, നമുക്ക് വേഗം പോകണം എന്നവന്‍ പറഞ്ഞു. "ഈ പാതിരാത്രിയില്‍ എവിടെ പോകാനാണിത്ര തിടുക്കം?, പറയൂ കുട്ടീ" മേരിക്കു ക്ഷമ നശിച്ചുതുടങ്ങി. "യേശുവിനെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി, അമ്മേ". അതുവരെ താങ്ങിനിന്ന ഒരു വലിയ ഭാരം ഇറക്കിവച്ചപോലെ അവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

തന്‍റെ ഹൃദയത്തിനായി കരുതിവച്ച ആ വാള്‍! അതിന്‍റെ തിളക്കം മേരിയെ അദ്ഭുതപ്പെടുത്തി. ശിമയോന്‍ പ്രവചിച്ച സമയമായി എന്നവള്‍ തിരിച്ചറിഞ്ഞു. ഒരുറുമ്പിനെപ്പോലും നോവിക്കാതിരുന്നവന്  മരണവിധിയാണ് പുറപ്പെടുവിപ്പിക്കപ്പെട്ടത്! നന്മ മാത്രമല്ലേ തന്‍റെ ഉണ്ണി എല്ലാവര്‍ക്കും ചെയ്തുള്ളൂ. എന്നിട്ടുമെന്തേ അവനീ വിധി! തന്‍റെ ജീവിതത്തില്‍ അത്ഭുതങ്ങളൊഴിയുന്നില്ലല്ലോ  എന്നവളോര്‍ത്തു.

Friday, December 9, 2011

സമരാശംസകള്‍

അതൊരു വെറും പ്രാവല്ലേ, മിണ്ടാപ്രാണി! ഭിക്ഷ പോലെ എറിഞ്ഞുകൊടുക്കുന്ന അരിമണികള്‍ കൊത്തിത്തിന്നു
കഴിഞ്ഞുകൂടിക്കോളും. കേരളത്തില്‍ നഴ്സുമാരെ വെള്ളരിപ്രാവുകള്‍ എന്നുവിളിക്കുന്നത് മിക്കവാറും ഈ
അര്‍ത്ഥത്തിലാണ്!

Friday, January 2, 2009

മാധ്യമഭീകരതയുടെ ഇരകള്‍

നമ്പി നാരായണനുമായുള്ള അഭിമുഖം ഈയിടെ വായിച്ചതാണു ഈ കുറിപ്പിന്റെ പ്രചോദനം. നല്ലകാലം മുഴുവന്‍ സ്വകര്‍മത്തിനായി ഹോമിച്ച ഒരു ശാസ്ത്രഞ്ജന്റെയും കുടുംബത്തിന്റെയും പീഡാനുഭവങ്ങള്‍ക്ക് തങ്ങളാലാവും വിധം ആക്കം കൂട്ടിയതിന്റെ പശ്ചാത്താപത്തേക്കാള്‍ ആ കദനകഥകള്‍ വില്പനച്ചരക്കാക്കാനുള്ള തൊലിക്കട്ടിയല്ലേ വീണ്ടും പ്രകടമാകുന്നത് എന്ന സംശയം ഇതു വായിച്ചപ്പോള്‍ തോന്നി. 

എന്റെ പ്രീ ഡിഗ്രികാലത്തായിരുന്നു മറിയം റഷീദയും, ഫൌസിയ ഹസനും, ശശികുമാറും,  നമ്പി നാരായണനുമൊക്കെ മലയാളമാധ്യമങ്ങളുടെ ഇഷ്ടവിഭവങ്ങളായത്. പത്രങ്ങള്‍ ഛര്‍ദ്ദിച്ചിടുന്നതെന്തും പ്രഭാതഭക്ഷണത്തോടൊപ്പം അല്പം വെള്ളം പോലും ചേര്‍ക്കാതെ വിഴുങ്ങിയിരുന്ന കാലം. ISRO ചാരക്കേസ് ഒരു ഉത്സവം പോലെ കൊണ്ടാടാന്‍ മലയാളമാധ്യമങ്ങള്‍  പ്രത്യേകതാത്പര്യം കാണിച്ചിരുന്നു എന്നു പറയാതെവയ്യ. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കും അനന്തരനടപടികള്‍ക്കും ശേഷം എല്ലാ പ്രതികളെയും കോടതി വെറുതേ വിട്ടപ്പോഴേക്കും കുറേയധികം പേര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ ഏതു നഷ്ടപരിഹാരത്തിന്റെയും പരിധികള്‍ക്കപ്പുറത്തായിരുന്നു. നമ്പി നാരായണന്റെ നിരപരാധിത്വത്തെപ്പറ്റി മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം ഏതോ മാസികയില്‍ അക്കാലത്ത് എഴുതിയിരുന്നതായും ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. നമ്മുടെ ഒരു മുഖ്യധാരാമാധ്യമവും ആ ലേഖനം വേണ്ട സമയത്തു പ്രസിദ്ധീകരിക്കാന്‍ മിനക്കെട്ടില്ല എന്നുകൂടി ഇതിനോടു ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു.

ഏതെങ്കിലുമൊരു കേസില്‍ ആരെങ്കിലും അറസ്റ്റിലാകേണ്ട താമസം മാധ്യമങ്ങള്‍ അയാള്‍ക്കു കൊലക്കയര്‍ വിധിച്ചുകഴിയും. അകത്തായവന്റെ തൊലിയുടെ നിറവും, ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും അവന്‍ പിടിക്കുന്ന കൊടിയുടെ നിറവും നോക്കി തരംപോലെ സാംസ്കാരികസിംഹങ്ങള്‍ ഗര്‍ജ്ജനം തുടങ്ങുകയായി. സദാചാരപുലികളും കുഞ്ഞാടുവേഷമിട്ട പരിസ്ഥിതിചെന്നായ്ക്കളും അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ചോര കുടിക്കാന്‍ കച്ചകെട്ടുന്നു. ഈ ചാകരക്കോള് രണ്ടാഴ്ച മുതല്‍ മൂന്നുനാലു മാസങ്ങള്‍ വരെ നീണ്ടുനിന്നേക്കാം, ഇരയുടെ വിധി പോലെ! അവന്റെ സ്വകാര്യതകളും, അവന്റെ കുടുംബാംഗങ്ങളുടെ കണ്ണീരും അവന്റെ മക്കളുടെ ഭാവിയുമെല്ലാം വെടിക്കോപ്പുകളാക്കി മാധ്യമങ്ങള്‍ ഒരുക്കുന്ന കരിമരുന്നു കലാപ്രകടനങ്ങള്‍ ജനങ്ങള്‍ അത്യുത്സാഹപൂര്‍വം ആസ്വദിക്കുന്നു. പിടിച്ചുനില്‍ക്കാന്‍ ശേഷിനഷ്ടപ്പെടുന്ന ഇരകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു, അതിനും കഴിയാത്തവര്‍ മനസ്സൊരുക്കുന്ന ഭ്രാന്തിന്റെ സംരക്ഷണവലയം മറയാക്കുന്നു. ഇവയെല്ലാം അതിജീവിക്കുന്നവര്‍ വൈകുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിയാണെന്ന് ആദ്യം തിരിച്ചറിയേണ്ട നീതിപീഠത്തിനു ചുറ്റും ചക്കാട്ടുന്ന കാളകളെപ്പോലെ ശിഷ്ടകാലം ഭ്രമണം ചെയ്യുന്നു. കുറേനാള്‍ ഒരേ ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന ഒരു മടുപ്പ്, ഒരു ബോറടി ഇതിനകം അനുഭവിക്കുന്ന മാധ്യമങ്ങളും ഒപ്പം ഇതേ കേസ് ആഘോഷിച്ച പൊതുജനവും, കാര്യങ്ങള്‍ ഇത്രയൊക്കെയാകുമ്പോള്‍ വേറൊരിരയെ തേടുന്നു. ക്യാമറക്കണ്ണുകളുടെയും തൂലികപ്പടവാളുകളുടെയും ഫോക്കസ് അങ്ങോട്ടു മാറുന്നു. എല്ലാവരും എല്ലാം മറന്ന് പുതിയ ഇരയുടെ മേല്‍ അത്യാവേശപൂര്‍വം ചാടിവീഴുന്നു. പ്രധാനപേജുകള്‍ മുഴുവന്‍ ചിത്രവധത്തിനു ഡെഡിക്കേറ്റ് ചെയ്യുന്ന പത്രങ്ങള്‍ കാലമേറെ കഴിഞ്ഞുവരുന്ന വിധിയില്‍ ആദ്യം പറഞ്ഞ ഇര നിരപരാധിയായി വിധിക്കപ്പെട്ടത് ഏറ്റവും അപ്രധാനമായ പേജിന്റെ അതിലും അപ്രധാനമായ കോളത്തിലെങ്കിലും പ്രസിദ്ധീകരിച്ചാല്‍ ആ നിര്‍ഭാഗ്യവാന്റെ അത്ര നിസ്സാരമല്ലാത്ത ഭാഗ്യം എന്നേ പറയേണ്ടൂ!

ഈ വാര്‍ത്തയുടെയൊക്കെ ആരും കാണാത്ത മറുവശത്തെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സാമാന്യജനം അന്നെന്നല്ല ഇന്നും വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. തീയില്ലാതെ പുകയുണ്ടാകുമോ എന്നാണൊരു ന്യായം. പുകപടലങ്ങള്‍ അടങ്ങി ചിത്രം വ്യക്തമാകുമ്പോഴേക്കും കുറേ നിഷ്കളങ്കജീവിതങ്ങള്‍ undo ചെയ്യാനാവാത്ത വിധം തകര്‍ക്കപ്പെട്ടിരിക്കും! ഏതെങ്കിലും ഒരു പത്രമോ ചാനലോ അര്‍ഹതയില്ലാത്ത പ്രാ‍ധാന്യം ഒരു സംഭവത്തിനു സ്ഥിരമായി നല്‍കുമ്പോള്‍ അതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡകള്‍ ഉണ്ടാവാം എന്നു തിരിച്ചറിയുന്ന വിവേചനബുദ്ധി മലയാളി പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ആരാന്റമ്മയ്ക്കു ഭ്രാന്തു വരുന്നതും ആഘോഷിക്കുന്ന മനസ്സുകള്‍ ഇന്നല്ലെങ്കില്‍ നാളെ ഇതേ അവസ്ഥയില്‍ താനും വന്നുപെട്ടേക്കാം എന്നോര്‍ക്കുന്നതു നന്ന്. കാരണം ഈ ഇരകളൊന്നും ശൂന്യാകാശത്തുനിന്നു പൊട്ടിവീണവരല്ല. എന്നെയും നിങ്ങളെയും പോലെ അന്നന്നത്തെ അപ്പത്തിനുള്ള വഴിതേടി ദിനംതോറും കഷ്ടപ്പെടുന്നവര്‍ തന്നെ. സുരക്ഷിതരല്ലിവിടെ, ഞാനും, നിങ്ങളും, ആരും.

Sunday, December 7, 2008

തിരുവമ്പാടിയിലെ തിരുവുത്സവങ്ങള്‍

അന്നു ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ ആണ്. ആ ദിവസത്തെ അധ്വാനം (സ്കൂളില്‍ നിന്നു വന്ന ശേഷം ഒട്ടും സമയം പാഴാക്കാതെ അയല്‍വക്കത്തെ വീടുകളെല്ലാം തെണ്ടിത്തിരിയുന്നതു ചില്ലറ അധ്വാനമൊന്നുമല്ലല്ലോ!) തെല്ലൊന്നൊതുക്കി, ഒരു കുളിയും പാസ്സാക്കി ഹോംവര്‍ക്കിലെ ആദ്യപടിയായ പകര്‍ത്തെഴുത്തിനിരുന്നപ്പോള്‍, പതിവുപോലെ രശ്മിയുദെ നാമജപം കേള്‍ക്കുന്നില്ലല്ലോ എന്ന ചിന്ത മനസ്സിനെ ഇത്തിരി അലോസരപ്പെടുത്തിയിരുന്നു. വന്നുവന്നു പകര്‍ത്തെഴുത്തിനൊപ്പം അയല്‍വക്കത്തെ നാമജപവും കൂടിയില്ലെങ്കില്‍ ഒരു ഉഷാറില്ലാത്ത പോലെ. ആ നിരാശ അധികനേരം നീണ്ടില്ല, എന്റെ ശ്രദ്ധ റോഡില്‍ പതിവില്ലാതെ കണ്ട വെളിച്ചത്തില്‍ പതിഞ്ഞു. വെറും വെളിച്ചമല്ല, ഒന്നിനുപുറകെ ഒന്നായി, ഹാലൊജന്‍ ഫ്ലേവറിലുള്ള മിന്നാമിനുങ്ങുകള്‍ അച്ചടക്കത്തോടെ ഒരു ജാഥ പോകുന്നതു പോലെ. ഈ മിന്നാമിനുങ്ങിനൊക്കെ വല്ല ജനിതകമാറ്റവും സംഭവിച്ചിരിക്കുമോ, എന്തോ! കണ്ണൊന്നു നന്നായി തിരുമ്മി സൂക്ഷിച്ചു നോക്കി. കത്തിച്ച വിളക്കുകള്‍ കൈയിലേന്തി കുറേ ചേച്ചിമാര്‍ നിരനിരയായി പോകുന്നു. ഈ സന്ധ്യാനേരത്തു ഇവരൊക്കെ എങ്ങോട്ടാണപ്പാ എന്നു ഞാനൊന്നമ്പരന്നു! ഇനി വല്ല പുതിയ സമരമാര്‍ഗവുമാണെങ്കില്‍ നാളെ സ്കൂളില്‍ പോകാതെ പറ്റിക്കാനായേക്കും എന്നോര്‍ത്ത് ഇത്തിരി ആവേശഭരിതനായി എന്നതു വാസ്തവമാണ്. ഏതിനും ഡീറ്റെയില്‍സ് ശേഖരിക്കണമല്ലോ. തനിയെ റോഡില്‍ വരെ പോകാനുള്ള ധൈര്യം സ്വതേ ഇത്തിരി കൂടുതലുള്ള ഞാന്‍ സ്ലേറ്റ് മാറ്റിവച്ച് അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി.

“ഈ ചേച്ചിമാരൊക്കെ രാത്രിയില്‍ വിളക്കുമായി എങ്ങോട്ടാമ്മേ? “ 

“എടാ, അതു താലപ്പൊലിയാ, അമ്പലത്തില്‍ ഉത്സവമല്ലേ“. ഓഹോ, ഇതു സമരവും ജാഥയും ഒന്നുമല്ല. വെറുതേ ആശിച്ചു. 

“നിനക്കു താലപ്പൊലി കാണണോ?“ ഓ, ചോദിക്കേണ്ട കാര്യമുണ്ടോ, അതിനല്ലേ ഞാനിങ്ങനെ ചുറ്റിത്തിരിയുന്നത്. വഴിവക്കിലെത്തിനോക്കിയപ്പോഴല്ലേ, കൂട്ടുകാര്‍ മിക്കവരും ഹാജരുണ്ട്. അവരുടെയൊക്കെ അമ്മമാരും, ചേച്ചിമാരും വിളക്കുകള്‍ പിടിച്ചിട്ടുമുണ്ട്. രശ്മി അവളുടെ ചിറ്റയുടെ കൂടെ നല്ല സന്തോഷത്തില്‍ നില്പുണ്ട്. സതീശനാണെങ്കില്‍ അമ്മയോടൊപ്പമാണ്. മുതിര്‍ന്നവരുടെ കൈയിലെ വിളക്കിനെക്കാള്‍ തിളക്കം അവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ കണ്ണിലായിരുന്നു! ആകെ ഒരു ഉത്സാഹത്തിമിര്‍പ്പ്. 

“അമ്മേ, ഞാനും കൂടെ സതീശന്റെ കൂടെ...?”

“വേണ്ടടാ, എനിക്കു പേടിയാ, ഉത്സവപ്പറമ്പിലേക്ക് നിന്നെ തനിച്ച്... ധാരാളം ജനം കൂടുന്ന സ്ഥലമാ, നീയെങ്ങാനും കൂട്ടം തെറ്റിപ്പോയാലോ?”. പാവം അമ്മയുടെ ഉത്കണ്ഠ ന്യായം. പക്ഷേ, അത് ഒരു രണ്ടാം ക്ലാസ്സുകാരന്റെ വിവേചനബുദ്ധിക്കപ്പുറത്തുള്ളതായിരുന്നു. “സതീശന്റെ അമ്മയും ചേച്ചിയും ഒക്കെ ഉണ്ടല്ലോ അമ്മേ, ഞാന്‍ അവരുടെ കൂടെ നിന്നോളാമെന്നേ...“, എന്റെ വാദങ്ങള്‍ അമ്മയ്ക്കു വിശ്വാസയോഗ്യമായി തോന്നിയില്ല. “വേണ്ട മോനേ, അപ്പ വരുമ്പോ, നിന്നെ കൊണ്ടുപോകും“, അമ്മയുടെ സ്ഥിരം തന്ത്രം പുറത്തെടുത്തു. അപ്പ വരുമ്പോഴേക്കും ശനിയാഴ്ചയാകും. അന്നുവരെ ഈ ചേച്ചിമാര്‍ താലപ്പൊലിയുമേന്തി അങ്ങോട്ടുമിങ്ങോട്ടും നടക്കും എന്നെനിക്കു തീരെ തോന്നിയില്ല. അതിനു മുന്‍പേ ഉത്സവം കൊടിയിറങ്ങാനും സാധ്യതയുണ്ട്. പക്ഷേ, എന്തോ, എനിക്കന്ന് അമ്മയോടതിന്റെ പേരിലൊരു ശണ്ഠ കൂടാനൊന്നും തോന്നിയില്ല. പാവം, അപ്പ കൂടെയില്ലാത്തതിന്റെ വിഷമം ഇനി ഞാന്‍ കൂടി വഴക്കിട്ട് വഷളാക്കണ്ട എന്നു കരുതിയാവും എന്റെ മനസ്സന്ന് അടങ്ങിയത്. ഈ കാര്യത്തില്‍ മാത്രം ഒരു ഏഴു വയസ്സുകാരന്റെ മനസ്സായിരുന്നില്ല അത്. അമ്മയുടെ കുട്ടിയായിരുന്നു ഞാന്‍, അന്നും, എന്നും.

ഉത്സവം കാണാന്‍ കഴിയാത്തതിലുള്ള വിഷമം എന്നെ വല്ലാതെ മഥിച്ചിരുന്നു, വിശേഷിച്ചും സ്ക്കൂളില്‍ വച്ച് സതീശന്റെയും മറ്റും പൊലിമയുള്ള വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍. പിടിച്ചു നില്‍ക്കാനായി തൃശ്ശൂര്‍ മൃഗശാലയില്‍ പോയ കാര്യം ഒന്നു പൊടി തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും, പതിവുപോലെയുള്ള ഒരു സ്വീകരണം ലഭിച്ചില്ല. കാര്യം ക്ലാസ്സില്‍ നിന്നു തൃശ്ശൂര്‍ കണ്ട ഏക വ്യക്തി ഞാനാണെങ്കിലും, ഉത്സവകഥകളായിരുന്നു ബോക്സ് ഓഫീസില്‍ തരംഗമായത്. അല്ലെങ്കിലും ഈ തൃശ്ശൂര്‍ പുരാണം എനിക്കുതന്നെ ബോറായി തുടങ്ങിയിരുന്നു. ദീപാലങ്കാരങ്ങളില്‍ മുങ്ങിക്കുളിച്ചു നിന്ന ക്ഷേത്ര പരിസരവും, അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടം കെട്ടിയ ആനകളും, ചെവിപൊട്ടുമാറുച്ചത്തില്‍ പൊട്ടിത്തെറിച്ച കതിനകളും ആ ഏഴുവയസ്സു മാത്രമുള്ള മനസ്സില്‍ ചെറുതല്ലാത്ത നഷ്ടബോധം നിറച്ചു. 

വര്‍ഷങ്ങള്‍ കടന്നുപോയി, തിരുവമ്പാടിയില്‍ അനേകം ഉത്സവസന്ധ്യകളും. ഓരോ തവണയും എന്തെങ്കിലും കാരണം എന്റെ ഉത്സവം കാണല്‍ കൃത്യമായി മുടക്കിയിരുന്നു. മുതിര്‍ന്നപ്പോള്‍ ഏറെയും പരീക്ഷകളായിരുന്നു പ്രതിനായകസ്ഥാനത്ത്. വീണ്ടും മുതിര്‍ന്നപ്പോള്‍ സൌകര്യങ്ങളെല്ലാം ഒത്തുവന്ന സന്ദര്‍ഭങ്ങളിലും അകാരണമായി മനസ്സെന്നെ വിലക്കിത്തുടങ്ങി. തീര്‍ത്തും അകാരണമായിരുന്നില്ല ആ സന്ദേഹങ്ങള്‍. സാധാരണ മനുഷ്യന്റെ ആലോചനയില്‍ വിചിത്രമായ ഒരു ചിന്തയായിരുന്നു അപ്പോള്‍ പ്രതിസ്ഥാനത്ത്!  ഇനി നേരില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കുന്ന ആ ഒരു പ്രഭാവം ഇല്ലെങ്കിലോ എന്ന ചിന്ത. ഓരോ വര്‍ഷവും കൂട്ടുകാരുടെ കടും നിറങ്ങളിലുള്ള വര്‍ണ്ണനകള്‍ എന്റെ മനസ്സില്‍ മാനം മുട്ടെ വളര്‍ന്നുനില്‍ക്കുന്ന ഒരു തങ്കവിഗ്രഹമായി തിരുവമ്പാടി ഉത്സവത്തെ ‘ട്രാന്‍സ്ഫിഗര്‍’ ചെയ്തിരുന്നു. വാസ്തവത്തില്‍ കാണുമ്പോള്‍ ഈ വിഗ്രഹം ഉടഞ്ഞുവീണാല്‍ അത് മനസ്സില്‍ വല്ലാത്ത ശൂന്യത നിറയ്ക്കും എന്നു ഞാന്‍ ഭയന്നു. അതില്‍ എത്ര ശരിയുണ്ടെന്നെനിക്കറിയില്ല. എന്തായാലും, കാ‍ണാത്ത ആ ഉത്സവക്കാഴ്ചയുടെ ഹരവും രസവും ഇന്നും മനസ്സില്‍ സുവര്‍ണ്ണശോഭയോടെ ഉണ്ട്, പാടാത്ത പാട്ടിന്റെ മാധുര്യം പോലെ, ചൂടാത്ത പൂവിന്റെ സൌരഭ്യം പോലെ...