തിരുവമ്പാടിയിലെ തിരുവുത്സവങ്ങള്‍
അന്നു ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ ആണ്. ആ ദിവസത്തെ അധ്വാനം (സ്കൂളില്‍ നിന്നു വന്ന ശേഷം ഒട്ടും സമയം പാഴാക്കാതെ അയല്‍വക്കത്തെ വീടുകളെല്ലാം തെണ്ടിത്തിരിയുന്നതു ചില്ലറ അധ്വാനമൊന്നുമല്ലല്ലോ!) തെല്ലൊന്നൊതുക്കി, ഒരു കുളിയും പാസ്സാക്കി ഹോംവര്‍ക്കിലെ ആദ്യപടിയായ പകര്‍ത്തെഴുത്തിനിരുന്നപ്പോള്‍, പതിവുപോലെ രശ്മിയുദെ നാമജപം കേള്‍ക്കുന്നില്ലല്ലോ എന്ന ചിന്ത മനസ്സിനെ ഇത്തിരി അലോസരപ്പെടുത്തിയിരുന്നു. വന്നുവന്നു പകര്‍ത്തെഴുത്തിനൊപ്പം അയല്‍വക്കത്തെ നാമജപവും കൂടിയില്ലെങ്കില്‍ ഒരു ഉഷാറില്ലാത്ത പോലെ. ആ നിരാശ അധികനേരം നീണ്ടില്ല, എന്റെ ശ്രദ്ധ റോഡില്‍ പതിവില്ലാതെ കണ്ട വെളിച്ചത്തില്‍ പതിഞ്ഞു. വെറും വെളിച്ചമല്ല, ഒന്നിനുപുറകെ ഒന്നായി, ഹാലൊജന്‍ ഫ്ലേവറിലുള്ള മിന്നാമിനുങ്ങുകള്‍ അച്ചടക്കത്തോടെ ഒരു ജാഥ പോകുന്നതു പോലെ. ഈ മിന്നാമിനുങ്ങിനൊക്കെ വല്ല ജനിതകമാറ്റവും സംഭവിച്ചിരിക്കുമോ, എന്തോ! കണ്ണൊന്നു നന്നായി തിരുമ്മി സൂക്ഷിച്ചു നോക്കി. കത്തിച്ച വിളക്കുകള്‍ കൈയിലേന്തി കുറേ ചേച്ചിമാര്‍ നിരനിരയായി പോകുന്നു. ഈ സന്ധ്യാനേരത്തു ഇവരൊക്കെ എങ്ങോട്ടാണപ്പാ എന്നു ഞാനൊന്നമ്പരന്നു! ഇനി വല്ല പുതിയ സമരമാര്‍ഗവുമാണെങ്കില്‍ നാളെ സ്കൂളില്‍ പോകാത...