മാധ്യമഭീകരതയുടെ ഇരകള്‍
നമ്പി നാരായണനുമായുള്ള അഭിമുഖം ഈയിടെ വായിച്ചതാണു ഈ കുറിപ്പിന്റെ പ്രചോദനം. നല്ലകാലം മുഴുവന്‍ സ്വകര്‍മത്തിനായി ഹോമിച്ച ഒരു ശാസ്ത്രഞ്ജന്റെയും കുടുംബത്തിന്റെയും പീഡാനുഭവങ്ങള്‍ക്ക് തങ്ങളാലാവും വിധം ആക്കം കൂട്ടിയതിന്റെ പശ്ചാത്താപത്തേക്കാള്‍ ആ കദനകഥകള്‍ വില്പനച്ചരക്കാക്കാനുള്ള തൊലിക്കട്ടിയല്ലേ വീണ്ടും പ്രകടമാകുന്നത് എന്ന സംശയം ഇതു വായിച്ചപ്പോള്‍ തോന്നി. എന്റെ പ്രീ ഡിഗ്രികാലത്തായിരുന്നു മറിയം റഷീദയും, ഫൌസിയ ഹസനും, ശശികുമാറും, നമ്പി നാരായണനുമൊക്കെ മലയാളമാധ്യമങ്ങളുടെ ഇഷ്ടവിഭവങ്ങളായത്. പത്രങ്ങള്‍ ഛര്‍ദ്ദിച്ചിടുന്നതെന്തും പ്രഭാതഭക്ഷണത്തോടൊപ്പം അല്പം വെള്ളം പോലും ചേര്‍ക്കാതെ വിഴുങ്ങിയിരുന്ന കാലം. ISRO ചാരക്കേസ് ഒരു ഉത്സവം പോലെ കൊണ്ടാടാന്‍ മലയാളമാധ്യമങ്ങള്‍ പ്രത്യേകതാത്പര്യം കാണിച്ചിരുന്നു എന്നു പറയാതെവയ്യ. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കും അനന്തരനടപടികള്‍ക്കും ശേഷം എല്ലാ പ്രതികളെയും കോടതി വെറുതേ വിട്ടപ്പോഴേക്കും കുറേയധികം പേര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ ഏതു നഷ്ടപരിഹാരത്തിന്റെയും പരിധികള്‍ക്കപ്പുറത്തായിരുന്നു. നമ്പി നാരായണന്റെ നിരപരാധിത്വത്തെപ്പറ്റി മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം ഏതോ മാസികയില്...