മാധ്യമഭീകരതയുടെ ഇരകള്‍

നമ്പി നാരായണനുമായുള്ള അഭിമുഖം ഈയിടെ വായിച്ചതാണു ഈ കുറിപ്പിന്റെ പ്രചോദനം. നല്ലകാലം മുഴുവന്‍ സ്വകര്‍മത്തിനായി ഹോമിച്ച ഒരു ശാസ്ത്രഞ്ജന്റെയും കുടുംബത്തിന്റെയും പീഡാനുഭവങ്ങള്‍ക്ക് തങ്ങളാലാവും വിധം ആക്കം കൂട്ടിയതിന്റെ പശ്ചാത്താപത്തേക്കാള്‍ ആ കദനകഥകള്‍ വില്പനച്ചരക്കാക്കാനുള്ള തൊലിക്കട്ടിയല്ലേ വീണ്ടും പ്രകടമാകുന്നത് എന്ന സംശയം ഇതു വായിച്ചപ്പോള്‍ തോന്നി. 

എന്റെ പ്രീ ഡിഗ്രികാലത്തായിരുന്നു മറിയം റഷീദയും, ഫൌസിയ ഹസനും, ശശികുമാറും,  നമ്പി നാരായണനുമൊക്കെ മലയാളമാധ്യമങ്ങളുടെ ഇഷ്ടവിഭവങ്ങളായത്. പത്രങ്ങള്‍ ഛര്‍ദ്ദിച്ചിടുന്നതെന്തും പ്രഭാതഭക്ഷണത്തോടൊപ്പം അല്പം വെള്ളം പോലും ചേര്‍ക്കാതെ വിഴുങ്ങിയിരുന്ന കാലം. ISRO ചാരക്കേസ് ഒരു ഉത്സവം പോലെ കൊണ്ടാടാന്‍ മലയാളമാധ്യമങ്ങള്‍  പ്രത്യേകതാത്പര്യം കാണിച്ചിരുന്നു എന്നു പറയാതെവയ്യ. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കും അനന്തരനടപടികള്‍ക്കും ശേഷം എല്ലാ പ്രതികളെയും കോടതി വെറുതേ വിട്ടപ്പോഴേക്കും കുറേയധികം പേര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ ഏതു നഷ്ടപരിഹാരത്തിന്റെയും പരിധികള്‍ക്കപ്പുറത്തായിരുന്നു. നമ്പി നാരായണന്റെ നിരപരാധിത്വത്തെപ്പറ്റി മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം ഏതോ മാസികയില്‍ അക്കാലത്ത് എഴുതിയിരുന്നതായും ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. നമ്മുടെ ഒരു മുഖ്യധാരാമാധ്യമവും ആ ലേഖനം വേണ്ട സമയത്തു പ്രസിദ്ധീകരിക്കാന്‍ മിനക്കെട്ടില്ല എന്നുകൂടി ഇതിനോടു ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു.

ഏതെങ്കിലുമൊരു കേസില്‍ ആരെങ്കിലും അറസ്റ്റിലാകേണ്ട താമസം മാധ്യമങ്ങള്‍ അയാള്‍ക്കു കൊലക്കയര്‍ വിധിച്ചുകഴിയും. അകത്തായവന്റെ തൊലിയുടെ നിറവും, ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും അവന്‍ പിടിക്കുന്ന കൊടിയുടെ നിറവും നോക്കി തരംപോലെ സാംസ്കാരികസിംഹങ്ങള്‍ ഗര്‍ജ്ജനം തുടങ്ങുകയായി. സദാചാരപുലികളും കുഞ്ഞാടുവേഷമിട്ട പരിസ്ഥിതിചെന്നായ്ക്കളും അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ചോര കുടിക്കാന്‍ കച്ചകെട്ടുന്നു. ഈ ചാകരക്കോള് രണ്ടാഴ്ച മുതല്‍ മൂന്നുനാലു മാസങ്ങള്‍ വരെ നീണ്ടുനിന്നേക്കാം, ഇരയുടെ വിധി പോലെ! അവന്റെ സ്വകാര്യതകളും, അവന്റെ കുടുംബാംഗങ്ങളുടെ കണ്ണീരും അവന്റെ മക്കളുടെ ഭാവിയുമെല്ലാം വെടിക്കോപ്പുകളാക്കി മാധ്യമങ്ങള്‍ ഒരുക്കുന്ന കരിമരുന്നു കലാപ്രകടനങ്ങള്‍ ജനങ്ങള്‍ അത്യുത്സാഹപൂര്‍വം ആസ്വദിക്കുന്നു. പിടിച്ചുനില്‍ക്കാന്‍ ശേഷിനഷ്ടപ്പെടുന്ന ഇരകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു, അതിനും കഴിയാത്തവര്‍ മനസ്സൊരുക്കുന്ന ഭ്രാന്തിന്റെ സംരക്ഷണവലയം മറയാക്കുന്നു. ഇവയെല്ലാം അതിജീവിക്കുന്നവര്‍ വൈകുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിയാണെന്ന് ആദ്യം തിരിച്ചറിയേണ്ട നീതിപീഠത്തിനു ചുറ്റും ചക്കാട്ടുന്ന കാളകളെപ്പോലെ ശിഷ്ടകാലം ഭ്രമണം ചെയ്യുന്നു. കുറേനാള്‍ ഒരേ ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന ഒരു മടുപ്പ്, ഒരു ബോറടി ഇതിനകം അനുഭവിക്കുന്ന മാധ്യമങ്ങളും ഒപ്പം ഇതേ കേസ് ആഘോഷിച്ച പൊതുജനവും, കാര്യങ്ങള്‍ ഇത്രയൊക്കെയാകുമ്പോള്‍ വേറൊരിരയെ തേടുന്നു. ക്യാമറക്കണ്ണുകളുടെയും തൂലികപ്പടവാളുകളുടെയും ഫോക്കസ് അങ്ങോട്ടു മാറുന്നു. എല്ലാവരും എല്ലാം മറന്ന് പുതിയ ഇരയുടെ മേല്‍ അത്യാവേശപൂര്‍വം ചാടിവീഴുന്നു. പ്രധാനപേജുകള്‍ മുഴുവന്‍ ചിത്രവധത്തിനു ഡെഡിക്കേറ്റ് ചെയ്യുന്ന പത്രങ്ങള്‍ കാലമേറെ കഴിഞ്ഞുവരുന്ന വിധിയില്‍ ആദ്യം പറഞ്ഞ ഇര നിരപരാധിയായി വിധിക്കപ്പെട്ടത് ഏറ്റവും അപ്രധാനമായ പേജിന്റെ അതിലും അപ്രധാനമായ കോളത്തിലെങ്കിലും പ്രസിദ്ധീകരിച്ചാല്‍ ആ നിര്‍ഭാഗ്യവാന്റെ അത്ര നിസ്സാരമല്ലാത്ത ഭാഗ്യം എന്നേ പറയേണ്ടൂ!

ഈ വാര്‍ത്തയുടെയൊക്കെ ആരും കാണാത്ത മറുവശത്തെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സാമാന്യജനം അന്നെന്നല്ല ഇന്നും വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. തീയില്ലാതെ പുകയുണ്ടാകുമോ എന്നാണൊരു ന്യായം. പുകപടലങ്ങള്‍ അടങ്ങി ചിത്രം വ്യക്തമാകുമ്പോഴേക്കും കുറേ നിഷ്കളങ്കജീവിതങ്ങള്‍ undo ചെയ്യാനാവാത്ത വിധം തകര്‍ക്കപ്പെട്ടിരിക്കും! ഏതെങ്കിലും ഒരു പത്രമോ ചാനലോ അര്‍ഹതയില്ലാത്ത പ്രാ‍ധാന്യം ഒരു സംഭവത്തിനു സ്ഥിരമായി നല്‍കുമ്പോള്‍ അതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡകള്‍ ഉണ്ടാവാം എന്നു തിരിച്ചറിയുന്ന വിവേചനബുദ്ധി മലയാളി പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ആരാന്റമ്മയ്ക്കു ഭ്രാന്തു വരുന്നതും ആഘോഷിക്കുന്ന മനസ്സുകള്‍ ഇന്നല്ലെങ്കില്‍ നാളെ ഇതേ അവസ്ഥയില്‍ താനും വന്നുപെട്ടേക്കാം എന്നോര്‍ക്കുന്നതു നന്ന്. കാരണം ഈ ഇരകളൊന്നും ശൂന്യാകാശത്തുനിന്നു പൊട്ടിവീണവരല്ല. എന്നെയും നിങ്ങളെയും പോലെ അന്നന്നത്തെ അപ്പത്തിനുള്ള വഴിതേടി ദിനംതോറും കഷ്ടപ്പെടുന്നവര്‍ തന്നെ. സുരക്ഷിതരല്ലിവിടെ, ഞാനും, നിങ്ങളും, ആരും.

Comments

മാധ്യമങ്ങള്‍ മുന്ന്‌വിധിയോടെ പെരുമാറുന്നതിന് പകരം സത്യസന്ധത പുലര്‍ത്തേണ്ടത് അനിവാര്യം തന്നെ.
sreeNu Guy said…
സുരക്ഷിതരല്ലിവിടെ, ഞാനും, നിങ്ങളും, ആരും.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്ത് തോന്ന്യാസവും നടത്തുന്ന മാധ്യമങ്ങള്‍ തന്നെയാണു ലോകത്തെ ഒട്ടുമിക്ക പ്രശ്നങ്ങളും സങ്കീര്‍ണ്ണമാക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ കെ.ജി ബാലക്രിഷ്ണന്‍ ഈയിടെ തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ അഭിപ്രായപ്പെട്ടത് ഇതിനോട് കൂട്ടി വായിക്കുക.
"മാധ്യമങ്ങള്‍ സം യമനം പാലിക്കുക.കോടതികള്‍ക്കു മുന്‍പെ പ്രതിയെ തീരുമാനിക്കാനും,ശിക്ഷ വിധിക്കാനും ഇവിടെ ആരും മാധ്യമങ്ങള്‍ക്ക് അധികാരം കൊടുത്തിട്ടില്ല".
താങ്കളുടെ പോസ്റ്റ് കാലിക പ്രസക്തമാണു.
അഭിനന്ദനങ്ങള്‍.
Kavitha said…
Yeah....i totally agree ...don't get caught in the media circus ;).Manushyar ulladuthellam ithallae avastha....see thts human instinct ...to find oppurtunity in any situation, matter of survival. it happens not just with media. it's debatable.....don't u think ?
Alex Jacob said…
കാസിം തങ്ങള്‍, sreeNu:
ഈ വഴി വന്നതിനും, വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി:)

ജിപ്പു
അഭിനന്ദനങ്ങള്‍ക്കു പ്രത്യേകം നന്ദി:)

കവിത
ശരി തന്നെ. എല്ലാം കച്ചവടതാല്പര്യങ്ങള്‍.
പക്ഷേ, കുറെ നിഷ്കളങ്കരുടെ തലയറുത്തു കൊണ്ടുള്ള സര്‍വൈവല്‍ ന്യായീകരിക്കാമോ?
അഭിപ്രായത്തിനു നന്ദി:)
mily said…
proud of you......great way of presentation...keep going

Popular posts from this blog

തിരുവമ്പാടിയിലെ തിരുവുത്സവങ്ങള്‍

മാതൃഹൃദയം

വിഷു, ഒരമ്മൂമ്മക്കവിതയുടെ കഥ