കാക്കകള്‍ ചിരിക്കുന്ന നാട്
രണ്ടായിരത്തിപ്പതിനാറ് മാര്‍ച്ച് ഇരുപത്തഞ്ചാം തീയതി സന്ധ്യയ്ക്ക് 7:35ഓടെ മനുഷ്യശരീരം വെടിയുന്നതിനു തൊട്ടുമുമ്പു വരെ രഘുരാമന്‍ എന്ന നാല്‍പ്പത്തഞ്ചുകാരന്‍, എന്നെയും നിങ്ങളെയുമൊക്കെപ്പോലെ, ഒരു സാധാരണ മധ്യവയസ്കനായിരുന്നു. മരണശേഷം മനുഷ്യര്‍ അറിയപ്പെടുന്നത് മൃതദേഹം, ബോഡി മുതലായ വിളിപ്പേരുകളിലായതുകൊണ്ട്, മൃതശരീരത്തോടൊപ്പം രഘുരാമന്‍ എന്ന പേരും തല്‍ക്കാലത്തേക്ക് ഒരു ഫ്രീസറിലെത്തിപ്പെട്ടു.
രാവിലെ വേവലാതിപ്പെട്ട് ഓഫീസിലേക്കു തിരിക്കുന്ന, വൈകുന്നേരം തിരികെയെത്തി ഭാര്യയുടെയും, കുട്ടികളുടെയുമിടയില്‍ ഒരു ട്രാഫിക് പൊലീസുകാരന്‍റെ വേഷമഭിനയിക്കുന്ന, രാത്രി ഏതാണ്ട് ഒമ്പതരയോടെ ഒരു കൂന കുത്തരിച്ചോറും അതിനൊത്ത കറികളുമകത്താക്കി, പത്തുമണിയോടെ കൂര്‍ക്കം വലിച്ചു തുടങ്ങുന്ന, പിറ്റേന്നു വീണ്ടുമുണര്‍ന്ന് ഇതേകാര്യങ്ങള്‍ തെല്ലും മാറ്റമില്ലാതെ, ഒരു മടുപ്പുമില്ലാതെ നിര്‍വഹിച്ച്, ജീവിതത്തിന്‍റെ അതിസാധാരണതകളില്‍ ഒരു മാഫിയസംഘടനയിലെന്നപോലെ അകപ്പെട്ടുപോയ ഒരു മനുഷ്യനായിരുന്നു രഘുരാമന്‍. ഒരു ശരാശരി മലയാളി.
മൂവന്തിക്കു പതിവുപോലെ ജോലി കഴിഞ്ഞു തിരികെയെത്തി, 'അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്' എന്ന ഇഷ്ടഗാനം മൂളി വിശാലമായി ഒന്നു കുളിച്ച്, കുളികഴിഞ്ഞു സാധാരണ ചെയ്യാറുള്ള ഒരഭ്യാസം - ടവല്‍ രണ്ടുകൈ കൊണ്ടും ഒരു വടിപോലെ പിടിച്ച് പുറമൊക്കെ ഒന്നു വിസ്തരിച്ചു തോര്‍ത്തുന്നത് - പൂര്‍ത്തീകരിച്ചപ്പോഴാണ് ഇടതുകൈയുടെ മുട്ടിനു മുകളില്‍ നിന്നാരംഭിച്ച എന്തോ ഒരു പന്തികേട് രഘുരാമനു തോന്നിത്തുടങ്ങിയത്. ആദ്യമൊക്കെ അവഗണിച്ച ആ അത്ര സുഖമില്ലാത്ത തോന്നല്‍, വളരെ വേഗം, ഒട്ടേറെ സൂചിമുനകള്‍ നെഞ്ചിലേക്കു കുത്തിയിറക്കുന്നതു മാതിരിയുള്ള, ഒരു പരിഭ്രാന്തിയും, വിമ്മിഷ്ടവുമായി വളര്‍ന്നു. അടുക്കളയില്‍ തിരികെയെത്തി, വളരെ പണിപ്പെട്ട്, ഭാര്യയോട് ഇത്തിരി വെള്ളം ചോദിക്കുക മാത്രമാണ് പിന്നീടാ മനുഷ്യായുസ്സില്‍ രഘുരാമനു ചെയ്യാന്‍ കഴിഞ്ഞ ഏക കാര്യം. അനേകം ശരാശരി മലയാളികളെപ്പോലെ തന്നെ ഒരു സാധാരണ മരണം. ആകെയുണ്ടായ ഒരസാധാരണത്വം ആ സന്ധ്യാനേരത്ത് വീടിനു പുറത്തെവിടെ നിന്നോ കേട്ട ഒരു കാക്കക്കുഞ്ഞിന്‍റെ കരച്ചിലായിരുന്നു.
കരഞ്ഞുതളര്‍ന്നു പാതിബോധത്തില്‍, വീടിനകത്തേതോ മുറിയില്‍, വെറും തറയില്‍ കിടന്ന ഭാര്യയുടെയും, പെട്ടെന്നൊരു സന്ധ്യക്ക് അച്ഛനില്ലാതെയായ രണ്ടു കുഞ്ഞുങ്ങളുടെയുമടുത്തേക്ക് മൃതശരീരം കിടന്ന ഫ്രീസര്‍ ചക്രങ്ങള്‍ വച്ച ഒരു കട്ടിലിലുള്‍ക്കൊണ്ട ടെമ്പോ ട്രാവലര്‍ വന്നു നിന്നു. വീട്ടിലും, പരിസരത്തുമായി കൂടിനിന്ന ചിലയാളുകള്‍ വേറൊന്നും ചെയ്യാനില്ലാത്തതു മൂലം വന്നു ഭവിച്ച വിരസതയകറ്റാനെന്നോണം രഘുരാമന്‍റെ ജീവിതത്തിലേക്കൊന്നു വെറുതേ തിരിഞ്ഞുനോക്കാന്‍ തുടങ്ങിയനിമിഷം അയാള്‍ ഭൂജാതനായതില്‍പ്പിന്നെ നടാടെ ഒരു 'നല്ല മനുഷ്യനാ'യിത്തീര്‍ന്നു. 'പാവത്താനായിരുന്നു', 'കുടുംബസ്നേഹിയായിരുന്നു', 'ഉപകാരിയായിരുന്നു', അഭിപ്രായങ്ങള്‍ പലയിടത്തുനിന്നുമുയര്‍ന്നു. തങ്ങള്‍ ഈ പറയുന്നതൊന്നും കേള്‍ക്കാന്‍ രഘുരാമന്‍ ജീവനോടെയില്ല എന്നുറപ്പാക്കിയ ശേഷമെന്നോണം നല്ലവാക്കുകള്‍ അനര്‍ഗളം പ്രവഹിച്ചു. അതുവരെ ആരാലും പ്രത്യേകിച്ചെന്തെങ്കിലും പരാമര്‍ശിക്കപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് ആര്‍ക്കും തോന്നാതിരുന്ന ഒരു മനുഷ്യജീവിതം അങ്ങനെ മരണാനന്തരം ആഘോഷിക്കപ്പെടാന്‍ തുടങ്ങി. അതൊരു തുടക്കം മാത്രമായിരുന്നു.
രഘുരാമനും, അയാള്‍ക്കാകെയുണ്ടായിരുന്ന ഒരു സഹോദരിക്കുമുള്ള മക്കളെല്ലാം പെണ്‍കുട്ടികളായതിനാല്‍, രഘുരാമന്‍റെ അമ്മാവന്‍റെ മകള്‍ ഗീതയുടെ സീമന്തപുത്രന്‍ ആദര്‍ശിനായിരുന്നു മൃതശരീരം വഹിച്ച മാവിന്‍തടിക്കൂമ്പാരത്തെ അഗ്നിക്കു സമര്‍പ്പിക്കാനുള്ള നിയോഗം. ആ മാര്‍ച്ചുമാസത്തെ കാലാവസ്ഥ പതിവുപോലെ നല്ല ചൂടുള്ളതായിരുന്നതിനാല്‍ ആ ചിത മുഴുവന്‍ വിഴുങ്ങുവാന്‍ തീജ്വാലകള്‍ക്കേറെയൊന്നും പണിപ്പെടേണ്ടിവന്നില്ല. രഘുരാമന്‍റെ ഉറ്റസുഹൃത്ത് ഹരികൃഷ്ണന്‍ മാത്രം, വേറെയെല്ലാവരും തന്നെ പിരിഞ്ഞുപോയിട്ടും, ഏറെനേരം ചിതയുടെ ചാരെ നിന്നു. അതുകൊണ്ടുതന്നെ, അണയാത്ത തീ വമിപ്പിച്ചുതുടങ്ങിയ പുകയുടെ മറവു ചേര്‍ന്ന്, ഒരു കാക്കക്കുഞ്ഞ് പറക്കമുറ്റാന്‍ തുനിയുന്നതു ശ്രദ്ധിച്ചത് അയാള്‍ മാത്രമാണ്. അതിന്‍റെ കറുത്തുരുണ്ട കരിങ്ങണ്ണുകളില്‍ ഇനിയും കത്തിത്തീരാത്ത തീജ്വാലയുടെ പ്രതിബിംബം അയാള്‍ കണ്ടു.
മരണത്തിന് ഏതാനും ആഴ്ചകള്‍ക്കപ്പുറം, രഘുരാമന്‍ സജീവാംഗമായിരുന്ന നാട്ടിലെ വായനശാലയുടെ നേതൃത്വത്തില്‍ ഒരു അനുശോചനയോഗം സംഘടിപ്പിക്കപ്പെട്ടു. സംസാരിച്ച സ്ഥലത്തെ പ്രമുഖവ്യക്തികള്‍ രഘുരാമനെ അനുസ്മരിച്ചപ്പോള്‍ പ്രശംസാവചനങ്ങള്‍ പെരുമഴയെന്നതുപോലെ പെയ്തു. അവരുടെ അഭിപ്രായത്തില്‍ എല്ലാ കാര്യങ്ങളിലും സാമാന്യമായ ഒരവബോധമുണ്ടായിരുന്നു രഘുരാമന്. അയാളുടെ തലമുറയില്‍ ജീവിച്ച മിക്കവരെയും പോലെ, തീവ്രമായ അനുഭവങ്ങളുടെ അഭാവം ഒരറിവിനും ഏറെയൊന്നും ആഴമുണ്ടാക്കിയിരുന്നില്ലെങ്കിലും, പരന്ന വായന കൊണ്ടാര്‍ജിച്ച ഒരു സാമാന്യസാമൂഹ്യബോധത്തിനുടമയായിരുന്നു രഘുരാമന്‍ എന്നതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. അഗാധമായ, പലപ്പോഴും അപാരമായ, സഹൃദയത്വം മനസ്സില്‍ നിറഞ്ഞു തുളുമ്പിയ ഒരാള്‍. പലപ്പോഴായി കുത്തിക്കുറിച്ച കവിതകളും, ലേഖനങ്ങളും ലൈബ്രറി വല്ലപ്പോഴും പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങളുടെ താളുകള്‍ ഭേദിച്ച് പുറത്തേക്കു പറക്കാന്‍ മിനക്കെട്ടില്ലെങ്കിലും, ആ കൊച്ചുഗ്രാമത്തിന്‍റെ സാംസ്കാരികാന്തരീക്ഷത്തില്‍ തന്‍റേതായ ഒരിടം അയാളും നേടിയെടുത്തിരുന്നു. ഇതിനെല്ലാം പുറമേ മികച്ച ഒരു സംഘാടകന്‍ കൂടിയായിരുന്നു രഘുരാമന്‍, പക്ഷേ, അയാള്‍ ജീവനോടെ തങ്ങളുടെയിടയിലുണ്ടായിരുന്നപ്പോള്‍ അയാളുടെ അത്തരം ചെറിയ നന്മകള്‍, അറിയാതെപോലും, അവരാരും അയാള്‍ കേള്‍ക്കേ ഉരിയാടിയിരുന്നില്ല. പണ്ടുമുതലേ ആരോ നിഷ്കര്‍ഷിച്ചുറപ്പിച്ച ഒരു നാട്ടുനടപ്പ് കൃത്യമായി പാലിക്കാനെന്നതുപോലെ.
ലൈബ്രറി ഹാളില്‍ യോഗം തുടങ്ങുന്നതിനു മുമ്പേ, മുറ്റത്തെ വാകമരത്തിന്‍റെ ഒരു താണ കൊമ്പില്‍ അധികം വളര്‍ച്ചയെത്താത്ത ഒരു കാക്ക ഇരിക്കുന്നത്, രഘുരാമന്‍റെ സുഹൃത്ത് ഹരികൃഷ്ണന്‍റെ കണ്ണില്‍പ്പെട്ടു. നിരന്തരമുള്ള അനുശോചനപ്രസംഗങ്ങള്‍ക്കിടയില്‍, അയാള്‍ വെറുതേ പുറത്തേക്കു നോക്കുമ്പോഴെല്ലാം ആ കാക്ക അവിടെത്തന്നെയിരിക്കുന്നുണ്ടായിരുന്നു. കറുത്ത തലയ്ക്കും ചിറകുകള്‍മിടയില്‍ കഴുത്തില്‍ ചാരം വാരിപ്പൂശിയ ഒരു നാടന്‍ കാക്കയായിരുന്നു അത്. എവിടെ നോക്കിയാലും നാലഞ്ചു കാക്കകളെക്കാണുന്ന നാട്ടില്‍ തന്‍റെ ശ്രദ്ധ നേടിയെടുക്കാള്‍ മാത്രം ഈ കാക്കയ്ക്കെന്തു പ്രത്യേകതയാണുള്ളതെന്നയാള്‍ അദ്ഭുതം കൂറി.
****
കൊല്ലമൊന്നു കടന്നുപോയി. ഇതിനിടയില്‍ രഘുരാമനില്ലാതെ വിഷു വന്നു. തിരുവോണം വന്നു. ഒരാണ്ടായപ്പോള്‍ രഘുരാമന്‍റെ ശ്രാദ്ധം കൊണ്ടാടാന്‍ തറവാട്ടില്‍ ബന്ധുക്കളെല്ലാവരുമൊത്തുചേര്‍ന്നു. അനന്തരവന്‍ ആദര്‍ശ് നിലവിളക്കിനു മുമ്പില്‍ മുട്ടുകുത്തിയിരുന്ന്, ഇളയതു ചൊല്ലിക്കൊടുത്ത മുറയ്ക്ക് കര്‍മങ്ങള്‍ ഓരോന്നായി ചെയ്തു. ഓലച്ചീന്തുകള്‍ എടുത്തുവച്ച്, എള്ളും, പൂവും, ചന്ദനവും കൂട്ടി ആരാധിച്ചു തൊഴുതു. മരിച്ചുപോയ അമ്മാവന്‍റെ ആത്മാവിനെ ധ്യാനിച്ച് കറുകത്തലയ്ക്കല്‍ നീരുതളിച്ചു. മുറ്റത്ത് ചാണകം മെഴുകിയയിടത്ത് നാക്കിലയില്‍ വച്ച ഉണങ്ങല്ലരിച്ചോറിന്‍റെ ഉരുളകളില്‍ മൂന്നുതവണ വെള്ളം തളിച്ച് ഇളയതിന്‍റെ നിര്‍ദേശമനുസരിച്ച് അവന്‍ പ്രതീക്ഷയോടെ കൈകൊട്ടി. ഒന്നും സംഭവിച്ചില്ല. ആദര്‍ശ് വീണ്ടും കൈകൊട്ടിക്കൊണ്ടിരുന്നു. സാധാരണ ധാരാളം കാക്കകളെ കാണുന്ന നാട്ടില്‍ ആ കൈകൊട്ടല്‍ അവറ്റയൊന്നും തീരെ പരിഗണിച്ചില്ലെന്നു തോന്നി. ആദ്യമുണ്ടായിരുന്ന ഉത്സാഹം കെട്ടടങ്ങാറായപ്പോള്‍ അവന്‍ തീരെ ശബ്ദം കേള്‍പ്പിക്കാതെ ഒന്നുരണ്ടാവര്‍ത്തി കൂടി കൈകൊട്ടി നോക്കി. നോക്കിനിന്ന ആളുകള്‍ നിരാശയോടെ പിരിഞ്ഞുപോകാന്‍ തുടങ്ങുമ്പോള്‍, ഒരു കാക്ക എവിടെനിന്നോ വേഗം പറന്നിറങ്ങി, നാക്കിലയുടെ അടുത്തിരുന്നു. അല്പമൊന്നു സന്ദേഹിച്ച് നാലുപാടും നോക്കിയശേഷം ആ കാക്ക ഇലയിലുള്ള ചോറു വേഗം കൊത്തിത്തിന്നാന്‍ തുടങ്ങി. ഹരികൃഷ്ണന്‍ ആ കാക്കയെ ശ്രദ്ധിച്ചു. അതിനെ തനിക്കു നല്ല പരിചയമുള്ളതായി അയാള്‍ക്കു തോന്നി. പക്ഷേ, ഇതിനുമുമ്പ് എവിടെയാണതിനെ താന്‍ കണ്ടതെന്നയാള്‍ക്ക് ഓര്‍മിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അതിന്‍റെ ഉരുണ്ടു കറുത്ത കണ്‍കോണുകളില്‍ ഇത്തിരി നനവു പടരുന്നുണ്ടോ എന്നയാള്‍ സംശയിച്ചു. പക്ഷികള്‍ മനുഷ്യരെപ്പോലെ കരയാറുണ്ടോ എന്ന കാര്യത്തില്‍ അയാള്‍ക്കത്ര നിശ്ചയം പോരായിരുന്നു.
എന്നാല്‍ മനുഷ്യര്‍ നല്ലതു പറഞ്ഞുകേള്‍ക്കാന്‍ തനിക്കൊരു കാകജന്മം വേണ്ടിവന്നുവെന്നതോര്‍ത്തപ്പോള്‍, കാക്കയുടെ കരിഞ്ചുണ്ടിലൊരു ചിരിയാണൂറിയത്.

Comments