മാതൃഹൃദയം
"നാളെയെങ്കിലും എന്‍റെ കുട്ടിക്ക് ഇഷ്ടമുള്ളതെന്തെങ്കിലും ഉണ്ടാക്കിക്കൊടുക്കണം", മേരി ചിന്തിച്ചു. പെസഹയുടെ പിറ്റേന്ന് അമ്മയെ കാണാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഉണ്ണിയെ വീട്ടിലേക്കൊന്നും തീരെ കിട്ടാറില്ല. പെസഹ താനൊറ്റയ്ക്ക് കഴിച്ചുകൂട്ടുകയായിരുന്നു. ഈയിടെയായി യാതൊരു ഉത്സാഹവുമില്ല, ഒന്നിനും. ഉണ്ണി വീട്ടിലുണ്ടെങ്കില്‍ സംസാരിച്ചിരുന്നും, അവനെന്തെങ്കിലും വച്ചുണ്ടാക്കിക്കൊടുത്തും ഒരു ഉന്മേഷമൊക്കെ തോന്നിയേനെ. തിരക്കിട്ട് എന്തൊക്കെയോ ചെയ്തുതീര്‍ക്കാനുള്ള ഭാവത്തിലാണ് ഉണ്ണി എപ്പോഴും. ഇതു കാണുമ്പോള്‍ എന്തോ ഒരു വല്ലായ്ക തോന്നുന്നു. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ! പെസഹ പോലെയുള്ള വിശേഷവേളകള്‍ ഒറ്റയ്ക്കാവുമ്പോള്‍ ജോസഫിനെ ഓര്‍മവരും. താനും ജോസഫും ഉണ്ണിയും ഒരുമിച്ചുള്ള പണ്ടത്തെ ആ പെസഹാക്കാലം! ദേവാലയത്തില്‍വച്ച് കുഞ്ഞിനെ കണ്ടപ്പോള്‍ ശിമയോന്‍ പറഞ്ഞ കാര്യങ്ങള്‍ ഈയിടെയായി ഓര്‍മ വരുന്നു. മനസ്സില്‍ സുരക്ഷിതത്വം തീരെ കുറഞ്ഞുവരുന്നതായി മേരിക്കു തോന്നി. ഒന്നുമുണ്ടാവില്ല. താന്‍ വെറുതേ ഇരുന്ന് ഒരോന്നാലോചിച്ചു കൂട്ടുന്നതാവും. എങ്കിലും, കുട്ടി ഒന്നുവന്നിരുന്നെങ്കില്‍ എന്നു മേരി വല്ലാതെ ...