മാതൃഹൃദയം

"നാളെയെങ്കിലും എന്‍റെ കുട്ടിക്ക് ഇഷ്ടമുള്ളതെന്തെങ്കിലും ഉണ്ടാക്കിക്കൊടുക്കണം", മേരി ചിന്തിച്ചു. പെസഹയുടെ പിറ്റേന്ന് അമ്മയെ കാണാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഉണ്ണിയെ വീട്ടിലേക്കൊന്നും തീരെ കിട്ടാറില്ല. പെസഹ  താനൊറ്റയ്ക്ക് കഴിച്ചുകൂട്ടുകയായിരുന്നു. ഈയിടെയായി യാതൊരു ഉത്സാഹവുമില്ല, ഒന്നിനും. ഉണ്ണി വീട്ടിലുണ്ടെങ്കില്‍ സംസാരിച്ചിരുന്നും, അവനെന്തെങ്കിലും വച്ചുണ്ടാക്കിക്കൊടുത്തും ഒരു ഉന്മേഷമൊക്കെ തോന്നിയേനെ. തിരക്കിട്ട് എന്തൊക്കെയോ ചെയ്തുതീര്‍ക്കാനുള്ള ഭാവത്തിലാണ് ഉണ്ണി എപ്പോഴും. ഇതു കാണുമ്പോള്‍ എന്തോ ഒരു വല്ലായ്ക തോന്നുന്നു. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ! പെസഹ പോലെയുള്ള വിശേഷവേളകള്‍ ഒറ്റയ്ക്കാവുമ്പോള്‍ ജോസഫിനെ ഓര്‍മവരും. താനും ജോസഫും ഉണ്ണിയും ഒരുമിച്ചുള്ള പണ്ടത്തെ ആ പെസഹാക്കാലം! ദേവാലയത്തില്‍വച്ച് കുഞ്ഞിനെ കണ്ടപ്പോള്‍ ശിമയോന്‍ പറഞ്ഞ കാര്യങ്ങള്‍ ഈയിടെയായി ഓര്‍മ വരുന്നു. മനസ്സില്‍ സുരക്ഷിതത്വം തീരെ കുറഞ്ഞുവരുന്നതായി മേരിക്കു തോന്നി.

ഒന്നുമുണ്ടാവില്ല. താന്‍ വെറുതേ ഇരുന്ന്‌ ഒരോന്നാലോചിച്ചു കൂട്ടുന്നതാവും. എങ്കിലും, കുട്ടി ഒന്നുവന്നിരുന്നെങ്കില്‍ എന്നു മേരി വല്ലാതെ ആശിച്ചു. വല്ലപ്പോഴുമെങ്കിലും ആ മുഖം ഒന്നു കാണുമ്പോള്‍ ഏറെ ആശ്വാസം തോന്നാറുണ്ട്. മൂത്തതും ഇളയതുമായി തനിക്കാകെ അവനല്ലേ ഉള്ളൂ! പക്ഷേ, ഇപ്പോള്‍ അവന്‍ തന്‍റെ മാത്രം കുഞ്ഞല്ലല്ലോ! എത്രയോ അമ്മമ്മാര്‍ ആ മുഖം കണ്ട് ആനന്ദം കൊള്ളുന്നു. എത്രയോ രോഗികള്‍ ആ മൃദുസ്പര്‍ശമേറ്റ് ആശ്വസിക്കുന്നു! കാനായിലെ ആ രാത്രിയിലാണ് എല്ലാറ്റിന്‍റെയും തുടക്കമായത്. സമയമായില്ല എന്നു ശങ്കിച്ചുനിന്ന കുട്ടിയെ, അവര്‍ക്ക് നിന്നെക്കൊണ്ട്  ആവശ്യമുണ്ട് എന്നു നിര്‍ബന്ധിച്ച്, ലോകത്തിനു മുഴുവനായി താന്‍ വിട്ടുകൊടുക്കുകയായിരുന്നില്ലേ! അന്നുതുടങ്ങിയാണ് മേരിയുടെ ഉണ്ണി വിശ്വത്തിന്‍റെ മുഴുവന്‍ ഉണ്ണിയായത്‌. മേരിക്ക് അവനെ നഷ്ടമായിത്തുടങ്ങിയതും അന്നാണ്.

ചിന്തിച്ചിരുന്നാല്‍ ശരിയാവില്ലല്ലോ. ഇത്തിരി മത്സ്യം കിട്ടിയത് അവനിഷ്ടപ്പെട്ടതു പോലെ ഒന്നു വച്ചുണ്ടാക്കണം. മേരി മെല്ലെ അടുക്കളയിലേക്കു തിരിഞ്ഞു. നേരം നന്നായി ഇരുട്ടിയിട്ടുണ്ട്. ജനാലയുടെ വിടവില്‍ക്കൂടി തണുപ്പ് അരിച്ചിറങ്ങുന്നു. കതക് ഒന്നുകൂടി തുറന്ന്‍ വലിച്ചടച്ചു. ജോസഫിന്‍റെ കൈകൊണ്ട് പണിത കതകും ജനാലയുമൊക്കെ ആണ്. ജനാലക്കതകില്‍ പിടിച്ചപ്പോള്‍ ഇതുപോലെ തണുപ്പുള്ള ഒരു രാത്രി അവള്‍ക്കോര്‍മ വന്നു. ജോസഫിനൊപ്പം, പൂര്‍ണ ഗര്‍ഭിണിയായി, തുറക്കാത്ത കതകുകള്‍ മുട്ടിനടന്ന ഒരു രാവ്! മനസ്സുവീണ്ടും ചിന്തകളിലേക്ക് വഴുതുകയാണ്. പറക്കമുറ്റാത്ത കുട്ടിയെ ഒരുത്സവക്കാലത്ത് മൂന്നുദിവസം തുടര്‍ച്ചയായി കാണാതായപ്പോള്‍ പോലും തോന്നാതിരുന്ന ഒരു പരിഭ്രമം ഇപ്പോഴെന്തേ? തനിക്കു പ്രായമേറി വരികയാണല്ലോ. മേരി ആശ്വസിക്കാന്‍ ശ്രമിച്ചു. സ്വയംപര്യാപ്തരായി കൂടുവിട്ടു പറന്നകലുന്ന കുഞ്ഞുങ്ങളെയോര്‍ത്ത് ഏതൊരമ്മക്കിളിക്കും ഇങ്ങനെയൊക്കെയാവും തോന്നുക. ആഹാരകാര്യങ്ങള്‍ തീരെ അലട്ടാത്ത പ്രകൃതമാണെങ്കിലും, അമ്മ വച്ചുണ്ടാക്കുന്ന മത്സ്യത്തിന്‍റെ സ്വാദിനെക്കുറിച്ച് ഉണ്ണി പലതവണ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ഉണ്ടാക്കുന്നതൊക്കെ അവനിഷ്ടമായതു പോലെ ഒത്തുവന്നാല്‍ മതിയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് വീട്ടില്‍ വന്നപ്പോള്‍ എന്നും കാണുന്ന ആ ചുറുചുറുക്കിനെന്തോ ഒരു കുറവ് മേരിക്ക് തോന്നിയിരുന്നു. അവനെ എന്തോ അലട്ടുന്നതുപോലെ. "എന്താ കുട്ടീ, അമ്മയോടു പറഞ്ഞൂടേ"  എന്നു ചോദിച്ചപ്പോള്‍, "എനിക്കൊന്നുമില്ല, ഒക്കെ അമ്മയുടെ തോന്നലാണ്" എന്നു പറഞ്ഞൊഴിഞ്ഞു, അവന്‍. തന്നില്‍ നിന്നെന്തോ ഒളിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. ഇക്കഴിഞ്ഞ ഓശാനയുടെ അന്ന് ജറുസലേമില്‍ എന്തൊക്കെയോ കോലാഹലങ്ങളൊക്കെ ഉണ്ടായതായും ഉണ്ണിയെ കുറേപേര്‍ രാജാവെന്നു വിളിച്ച് ഒലിവില വീശി എഴുന്നള്ളിച്ചതായുമൊക്കെ  ജോണ്‍ പറഞ്ഞറിഞ്ഞിരുന്നു. ഫരിസേയര്‍ക്കും, സീസറിന്‍റെ ആള്‍ക്കാര്‍ക്കും ഇഷ്ടമാവുന്നുണ്ടാവില്ല ഇതൊന്നും. പണ്ടേ ഇവരുടെയൊക്കെ കണ്ണിലെ കരടാണല്ലോ എന്‍റെ കുട്ടി. എല്ലാവര്‍ക്കും ഒരുപോലെ സ്നേഹവും ആനന്ദവും സമാധാനവും തീര്‍ക്കുന്ന രാജ്യമാണ് അവന്‍ ഭരിക്കുന്നതെന്ന് എന്നാണിവര്‍ മനസ്സിലാക്കുക! കുതിരക്കുളമ്പടികളും  കുന്തമുനകളും ആര്‍പ്പുവിളികളും നിറഞ്ഞ രാജ്യമല്ല അത്. ദയയും നന്മയും സംയമനവും തെളിനീരു പോലെ ഒഴുകുന്ന രാജ്യം. സൌമ്യതയും ആര്‍ദ്രതയും തൂമഞ്ഞുപോലെ പൊഴിയുന്ന ദൈവരാജ്യം. ഐഹികമായ യൂദയായുടെ നാലതിരുകളില്‍ ഒതുങ്ങാത്ത ആ ലോകത്തെ ചക്രവര്‍ത്തിയാണവന്‍.

ആരോ വാതിലില്‍ ശക്തിയായി മുട്ടുന്നതു കേട്ട് മേരി ചിന്തകളില്‍ നിന്ന്‍ ഞെട്ടിയുണര്‍ന്നു. ആരാണീ അസമയത്ത്! ഇനി ഉണ്ണി നേരത്തെയെങ്ങാനും എത്തിയോ! വാതില്‍പാളികള്‍ അല്പം  മാറ്റി പുറത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് ഉറ്റുനോക്കി. "മേരിയമ്മേ, ഇതു ഞാനാണ്, ജോണ്‍" അവന്‍റെ സ്വരത്തില്‍ ഒരു പരിഭ്രാന്തി നിഴലിച്ചിരുന്നുവോ. "ആഹാ, നീയോ? എന്താ കുഞ്ഞേ, ഈ നേരത്ത്?, കയറി വരൂ" മേരി ക്ഷണിച്ചു. ഉള്ളിലെ വെളിച്ചത്തിലാണ് ജോണിന്‍റെ യഥാര്‍ത്ഥരൂപം അവള്‍ കണ്ടത്. അവനാകെ ഓടിത്തളര്‍ന്നിരുന്നു. അവന്‍റെ വസ്ത്രം അവിടവിടെയായി കീറിയിരുന്നു. ആ കീറലുകളില്‍ ചോര പൊടിഞ്ഞിരുന്നു. "അമ്മ വേഗം എന്‍റെ കൂടെ വരണം, ഒരു അത്യാവശ്യമുണ്ട്", അവന്‍ പറഞ്ഞു. "ഈ രാത്രിയില്‍ എവിടെയാണ് നമ്മള്‍ പോകുന്നത്?", മേരി ചോദിച്ചു. "അമ്മ ഒന്നു വേഗം ഒരുങ്ങൂ, ബാക്കി ഞാന്‍ വഴിയേ പറയാം, ഞാനിത്തിരി വെള്ളം കുടിക്കട്ടെ", അവന്‍ അടുക്കളയിലേക്കോടി. മേരി തിടുക്കത്തില്‍ ഒരുങ്ങിയിറങ്ങി. പുറത്തു സാമാന്യം തണുപ്പുണ്ടായിരുന്നു. "നിനക്കു ഞാന്‍ ഒരു മേലങ്കി കൂടി എടുക്കാം ജോണ്‍" മേരി തിരികെ കയറാനൊരുങ്ങിയപ്പോള്‍ അതുകാര്യമാക്കേണ്ട, നമുക്ക് വേഗം പോകണം എന്നവന്‍ പറഞ്ഞു. "ഈ പാതിരാത്രിയില്‍ എവിടെ പോകാനാണിത്ര തിടുക്കം?, പറയൂ കുട്ടീ" മേരിക്കു ക്ഷമ നശിച്ചുതുടങ്ങി. "യേശുവിനെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി, അമ്മേ". അതുവരെ താങ്ങിനിന്ന ഒരു വലിയ ഭാരം ഇറക്കിവച്ചപോലെ അവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

തന്‍റെ ഹൃദയത്തിനായി കരുതിവച്ച ആ വാള്‍! അതിന്‍റെ തിളക്കം മേരിയെ അദ്ഭുതപ്പെടുത്തി. ശിമയോന്‍ പ്രവചിച്ച സമയമായി എന്നവള്‍ തിരിച്ചറിഞ്ഞു. ഒരുറുമ്പിനെപ്പോലും നോവിക്കാതിരുന്നവന്  മരണവിധിയാണ് പുറപ്പെടുവിപ്പിക്കപ്പെട്ടത്! നന്മ മാത്രമല്ലേ തന്‍റെ ഉണ്ണി എല്ലാവര്‍ക്കും ചെയ്തുള്ളൂ. എന്നിട്ടുമെന്തേ അവനീ വിധി! തന്‍റെ ജീവിതത്തില്‍ അത്ഭുതങ്ങളൊഴിയുന്നില്ലല്ലോ  എന്നവളോര്‍ത്തു.

Comments

Popular posts from this blog

തിരുവമ്പാടിയിലെ തിരുവുത്സവങ്ങള്‍

വിഷു, ഒരമ്മൂമ്മക്കവിതയുടെ കഥ