സമരാശംസകള്‍

അതൊരു വെറും പ്രാവല്ലേ, മിണ്ടാപ്രാണി! ഭിക്ഷ പോലെ എറിഞ്ഞുകൊടുക്കുന്ന അരിമണികള്‍ കൊത്തിത്തിന്നു
കഴിഞ്ഞുകൂടിക്കോളും. കേരളത്തില്‍ നഴ്സുമാരെ വെള്ളരിപ്രാവുകള്‍ എന്നുവിളിക്കുന്നത് മിക്കവാറും ഈ
അര്‍ത്ഥത്തിലാണ്!

മുതലെടുപ്പിന്‍റെ ഈ പര്‍വ്വം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രാപ്പകലില്ലാതെ തുടരുന്ന ചൂഷണത്തിന് ഭാരതത്തില്‍
സ്വകാര്യ ആശുപത്രികളുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പുതുതായി എന്ത് സംഭവിച്ചു എന്ന് ചോദിച്ചാല്‍
അളമുറ്റിയ പാമ്പുകള്‍ തിരിഞ്ഞു കടിക്കാന്‍ തുടങ്ങി എന്നാണുത്തരം. ഈ തിരിഞ്ഞുള്ള ദംശനങ്ങള്‍ ഒറ്റപ്പെട്ട
വനരോദനങ്ങളാവാതിരിക്കട്ടെ എന്ന് ഹൃദയം നിറഞ്ഞു കൊതിക്കുന്നു.

നാമമാത്രമായ വേതനത്തില്‍ നിര്‍ബന്ധിത 'ബോണ്ട്‌' ഏര്‍പ്പെടുത്തുക, വിദ്യാഭ്യാസരേഖകള്‍ തടഞ്ഞുവയ്ക്കുക, മാതൃഭാഷ
സംസാരിച്ചാല്‍ പീഡിപ്പിക്കുക, കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക, ജോലി ആവശ്യപ്പെടുന്ന
സൌകര്യങ്ങള്‍ ആവുന്നത്ര കുറച്ചുനല്കി കഴുതകളെ പോലെ പണിയെടുപ്പിക്കുക തുടങ്ങിയ 'സവിശേഷതകള്‍' കൊണ്ട്
ഭാരതത്തിലെ ആതുരസേവനരംഗം അധ:പതനത്തിന്റെ നെല്ലിപ്പലകയിലാണ്. ഇതിനൊരു മാറ്റം വരുത്താന്‍ ഇപ്പോഴത്തെ
പ്രതികരണങ്ങള്‍ക്ക് കഴിയും എന്ന് വിശ്വസിക്കാം.

പണിമുടക്കിയുള്ള സമരങ്ങള്‍ ഒരു തിന്മയ്ക്കെതിരെ വേറൊരു തിന്മ പ്രയോഗിക്കുന്ന രീതിയായി മാത്രമേ ഇതുവരെ
തോന്നിയിട്ടുള്ളൂ. എങ്കിലും, തൊഴില്‍ രംഗത്തെ ചൂഷണം അതിന്‍റെ പരകോടിയില്‍ എത്തിനില്‍ക്കുന്ന ഈ മേഖലയില്‍
എതിര്‍ത്തുനിന്നും നില്‍ക്കാതെയും ഇല്ലാതായിപ്പോയ ഒട്ടനവധി പാവം ജീവിതങ്ങളുണ്ട്. അവരുടെ വിയര്‍പ്പും, കണ്ണീരും,
ചോരയും ഈ സമരങ്ങള്‍ക്ക് ഒരു വലിയ ശരിയുടെ ധാര്‍മികമുദ്ര പതിച്ചുനല്കുന്നു.

നമ്മുടെ നാടും മാറട്ടെ, പഠിച്ച ജോലി എന്തുതന്നെയായാലും, അത് അഭിമാനത്തോടെ ചെയ്തു ജീവിക്കാനുള്ള
സാഹചര്യം ഉണ്ടാവട്ടെ. അറിയാവുന്ന തൊഴില്‍ ചെയ്തു ജീവിക്കാന്‍ പിറന്നുവീണ നാട്ടില്‍ സാഹചര്യങ്ങള്‍ തീരെ
അനുകൂലമല്ലാതെ വരുമ്പോള്‍, തങ്ങള്‍ ചെയ്യുന്ന ജോലിക്ക് അര്‍ഹമായ പ്രതിഫലവും മാന്യതയും ലഭിക്കുന്ന തീരങ്ങള്‍
തേടി പ്രവാസികളാവാന്‍ നിര്‍ബന്ധിതരായവര്‍, ഈ പുതിയ മുന്നേറ്റത്തില്‍ ആവേശഭരിതരാണ്. എല്ലാവിധ
ആശംസകളും, പ്രാര്‍ത്ഥനകളും.

Comments

Popular posts from this blog

തിരുവമ്പാടിയിലെ തിരുവുത്സവങ്ങള്‍

മാതൃഹൃദയം

വിഷു, ഒരമ്മൂമ്മക്കവിതയുടെ കഥ