Posts

Showing posts from November, 2014

അയത്നലളിതം

"നീ ലളിതയെ ഓർക്കുന്നുണ്ടോ?" അപ്പന്റെ ചോദ്യം മനസ്സിനെ വളരെ വേഗം മുപ്പതു വർഷം പിന്നോട്ടു കൊണ്ടുപോയി. അന്ന് ജീവിതം ഇന്നത്തെയത്ര സങ്കീർണമായിരുന്നില്ല. ഒരു പൂവിരിയുന്നത് നോക്കിനില്ക്കുന്ന പ്രായം. രാവിലെ സ്കൂളിൽ പോകുന്ന വഴി ചാണകത്തിൽ  ചവിട്ടാതിരിക്കാനും (ചാണകത്തിൽ ചവിട്ടിയാൽ ടീച്ചറുടെ കയ്യിൽ നിന്നും അടി ഉറപ്പാണ്‌!), വല്ലപ്പോഴും കടന്നുപോകുന്ന ആനയുടെ പിൻഭാഗം കാണാനും (അതു കണ്ടാൽ അടി കിട്ടില്ല എന്നുറപ്പിക്കാം) ഒക്കെ മാത്രം ശ്രദ്ധിക്കേണ്ടിയിരുന്ന, ആകുലതകളും വിഹ്വലതകളുമില്ലാതിരുന്ന ബാല്യം. ഞാനും അനുജനുമൊക്കെ വളർന്ന തറവാട്ടുവീടിന്റെ അയൽവക്കത്തായിരുന്നു ലളിതയുടെ വീട്. തറവാടെന്നു കേൾക്കുമ്പോൾ നീർമാതളത്തിന്റെ കഥാകാരിയുടെ നാലപ്പാടൊക്കെയാവും മനസ്സിൽ പെട്ടെന്നു വരിക. ഈ തറവാടിന് അത്ര വലിപ്പം വരില്ല. ഇത്തിരി കൂടി ചെറിയ ഒരു കൊച്ചുതറവാട്ടുവീട്. നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും വാടകയ്ക്ക്  വീടന്വേഷിക്കാൻ ബോബി കൊട്ടാരക്കരയുടെ കഥാപാത്രത്തോട് വിവരിക്കുന്നതുമാതിരി രണ്ടുമൂന്നു മാത്ര ഡൌണ്‍ഗ്രേഡ് ചെയ്തു സങ്കൽപ്പിച്ചാൽ ഏതാണ്ടു ശരിയാവും. ഒരു കുന്നിൻചെരുവിലായിരുന്നു ആ കൊച്ചുതറവാട്ടുവീട്. അവിടെയൊക...