അയത്നലളിതം

"നീ ലളിതയെ ഓർക്കുന്നുണ്ടോ?" അപ്പന്റെ ചോദ്യം മനസ്സിനെ വളരെ വേഗം മുപ്പതു വർഷം പിന്നോട്ടു കൊണ്ടുപോയി.

അന്ന് ജീവിതം ഇന്നത്തെയത്ര സങ്കീർണമായിരുന്നില്ല. ഒരു പൂവിരിയുന്നത് നോക്കിനില്ക്കുന്ന പ്രായം. രാവിലെ സ്കൂളിൽ പോകുന്ന വഴി ചാണകത്തിൽ  ചവിട്ടാതിരിക്കാനും (ചാണകത്തിൽ ചവിട്ടിയാൽ ടീച്ചറുടെ കയ്യിൽ നിന്നും അടി ഉറപ്പാണ്‌!), വല്ലപ്പോഴും കടന്നുപോകുന്ന ആനയുടെ പിൻഭാഗം കാണാനും (അതു കണ്ടാൽ അടി കിട്ടില്ല എന്നുറപ്പിക്കാം) ഒക്കെ മാത്രം ശ്രദ്ധിക്കേണ്ടിയിരുന്ന, ആകുലതകളും വിഹ്വലതകളുമില്ലാതിരുന്ന ബാല്യം.

ഞാനും അനുജനുമൊക്കെ വളർന്ന തറവാട്ടുവീടിന്റെ അയൽവക്കത്തായിരുന്നു ലളിതയുടെ വീട്. തറവാടെന്നു കേൾക്കുമ്പോൾ നീർമാതളത്തിന്റെ കഥാകാരിയുടെ നാലപ്പാടൊക്കെയാവും മനസ്സിൽ പെട്ടെന്നു വരിക. ഈ തറവാടിന് അത്ര വലിപ്പം വരില്ല. ഇത്തിരി കൂടി ചെറിയ ഒരു കൊച്ചുതറവാട്ടുവീട്. നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും വാടകയ്ക്ക്  വീടന്വേഷിക്കാൻ ബോബി കൊട്ടാരക്കരയുടെ കഥാപാത്രത്തോട് വിവരിക്കുന്നതുമാതിരി രണ്ടുമൂന്നു മാത്ര ഡൌണ്‍ഗ്രേഡ് ചെയ്തു സങ്കൽപ്പിച്ചാൽ ഏതാണ്ടു ശരിയാവും.

ഒരു കുന്നിൻചെരുവിലായിരുന്നു ആ കൊച്ചുതറവാട്ടുവീട്. അവിടെയൊക്കെ രണ്ടു കുന്നുകളുടെ അതിരായി മിക്കവാറും ഒരു ചെറിയ തോടൊഴുകുന്നുണ്ടാവും. ഇതുപോലൊരു തോട്ടിൻകരയിലാണ് ലളിതയുടെ വീട്. കേരള ഭൂപ്രകൃതിയെ മലനാട്, ഇടനാട്‌, തീരപ്രദേശം എന്ന് മൂന്നായി വേർതിരിച്ചിട്ടുണ്ടെന്നും നമ്മുടെ ഗ്രാമം ഇടനാട്‌ എന്ന വിഭാഗത്തിലാണ് വരിക എന്നും പില്ക്കാലത്ത് സാമൂഹ്യപാഠം മാസ്റ്റർ ക്ലാസ്സിൽ പറഞ്ഞപ്പോൾ എനിക്കതത്ര ബോദ്ധ്യമായിരുന്നില്ല. ഞങ്ങളുടെ ഗ്രാമം നിറയെ കുന്നുകളും മലകളുമാണ്. അത് ഇടനാടാണെങ്കിൽ യഥാർത്ഥത്തിൽ മലനാട് എങ്ങനെയാവും എന്ന് ഞാൻ അദ്ഭുതം കൂറിയിരുന്നു.

കുന്നിൻചെരുവിലുള്ള തറവാടിന്റെ തെക്കേമുറ്റം കടന്നാൽ മാവിൻ ചുവടായി. എരിവേനലിൽ ഒരിളംകാറ്റു വീശുമ്പോൾ പോലും പത്തും പതിനഞ്ചും മാമ്പഴങ്ങൾ കനിഞ്ഞു പൊഴിയ്ക്കുന്ന നാട്ടുമാവ്! പച്ചനിറത്തിൽ ഇളം മഞ്ഞ കലർന്നാൽ പഴുപ്പ് പാകം. കുട്ടികൾ പോലും മൂന്നോ നാലോ തവണ കടിച്ചാൽ തീരുന്നത്ര ചെറിയ മാമ്പഴങ്ങൾ. പഴം തീരുന്നിടത്തു തെളിയുന്ന മാങ്ങയണ്ടിയ്ക്ക് കൂട്ട് പോവാൻ ചങ്ങാതികളെ ക്ഷണിച്ചുകൊണ്ട് ആവുന്നത്ര ദൂരേയ്ക്ക് എറിയുന്നത് ഞങ്ങളിൽ ചിലർ മാമ്പഴം കഴിക്കുന്നതിനേക്കാൾ  ആസ്വദിച്ചിരുന്നു. മാവും കടന്നു മുമ്പോട്ടു നടന്നാൽ ഒരു നാരകമരം നില്ക്കുന്നുണ്ടായിരുന്നു. പോമെലോ (pomelo) എന്ന് ലോകം വിളിക്കുന്ന ആ നാരങ്ങകളെ ഞങ്ങൾ കമ്പിളിനാരങ്ങ എന്ന് വിളിച്ചു. ചിലർ ഇവയെ ബബ്ലൂസ് നാരങ്ങ എന്നും വിളിക്കാറുണ്ടെന്നു കാലമേറെ കഴിഞ്ഞ് ഞങ്ങളുടെ പഞ്ചായത്തിനുമപ്പുറം ഒരു ലോകമുണ്ടെന്നു കണ്ടപ്പോൾ മനസ്സിലായി. ഈ നാരകം വെളുത്ത പഴങ്ങളായിരുന്നു തന്നത്. ചുവന്ന പഴങ്ങൾ കായ്ക്കുന്ന മരങ്ങൾ അടുത്തൊക്കെ കണ്ടിരുന്നു. രുചിയിൽ ഒരു വ്യത്യാസവും തോന്നിയിരുന്നില്ലെങ്കിലും മനസ്സിൽ ചുവന്ന പഴങ്ങളോടായിരുന്നു കൂടുതൽ പ്രതിപത്തി. അതുകൊണ്ടാവും, നാരങ്ങയുടെ പുറന്തോടു കൊണ്ട് സ്ലേറ്റു വൃത്തിയാക്കാനായിരുന്നു ഞാൻ ഇവ കൂടുതലും ഉപയോഗിച്ചത്. ശേഷം വരുന്നവ അനുജന്റെ ദേഹത്ത് നാരങ്ങാച്ചുന ചീറ്റി അവനെ ശുണ്ഠിപിടിപ്പിക്കാനും ഉതകിയിരുന്നു.

നാരകച്ചുവട്ടിൽ നിന്നും നേരെ ഒരു ചെറുകയ്യാല ചാടിയാൽ മരച്ചീനിത്തോട്ടത്തിൽ എത്തും നാരകത്തിനു നേരെ അടിയിലുള്ള മരച്ചീനികളുടെ ഇടയിലെല്ലാം കമ്പിളിനാരങ്ങകൾ മൂത്തുപഴുത്തു വീണു കിടക്കുന്നുണ്ടാവും. ഇന്ന് വലിയ വിലകൊടുത്തു പോമെലോ വാങ്ങുന്നത് പണ്ട് വെറുതേ കളഞ്ഞ മധുരക്കമ്പിളിനാരങ്ങകളോട് ഏറെ വൈകിയുള്ള ഒരു നീതിചെയ്യലാവും. മരച്ചീനികളുടെ ഇടയിലൂടെ അധികം നടക്കേണ്ട, പഞ്ചായത്തുറോഡിലെത്താൻ. റോഡിനും മരച്ചീനികൾക്കും അതിരിട്ട് ഒരു വലിയ കയ്യാല ഉണ്ട്. ഇത് ചാടിക്കടക്കാനാവില്ല എങ്കിലും കുത്തുകല്ലുകൾ ഉണ്ട്. ഒരു കാൽമാത്രം വയ്ക്കാവുന്ന കുത്തുകല്ലുകളിലൂടെ ബാലൻസ് ചെയ്തിറങ്ങിയാൽ റോഡായി. ടാറിന്റെ കറുപ്പ് ലവലേശം തീണ്ടാത്ത റോഡ്‌. വല്ലപ്പോഴും വരുന്ന വില്ലീസ് ജീപ്പുകൾ, ഗർവാസീസ് മുതലാളിയുടെ കറുത്ത അംബാസഡർ കാർ മുതലായവ ചെമ്മണ്ണു കൊണ്ട് പൂഴിക്കടകൻ തീർത്തിരുന്ന റോഡ്‌, പട്ടണത്തിൽനിന്നും ഗ്രാമഹൃദയത്തിലേക്കുള്ള സിരയായും ഗ്രാമനന്മകൾ പുറത്തേക്കൊഴുക്കുന്ന ധമനിയായും നിലകൊണ്ട രാജവീഥി.

ഈ റോഡു മുറിച്ചു കടന്നാൽ ലളിതയുടെ വീടായി. മുൻപിൽ റോഡും, പിറകിൽ തോടും തീർത്ത സമാന്തരരേഖകളുടെ ഇടയിലുള്ള തുണ്ടുഭൂമിയിൽ അവർ ഒരു കൊച്ചുവീടിനുള്ള സാധ്യത കണ്ടു. ലളിതയുടെ വീടിനു തെക്കേ അതിരായി റോഡിൽ നിന്നും തോട് മുറിച്ചുകടന്നു ഒരു വഴി. കവലയിൽ സ്റ്റേഷനറി സാധനങ്ങൾ വില്ക്കുന്ന കടനടത്തുന്ന, ജീപ്പുടമയായ തങ്കപ്പൻ ചേട്ടന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴി തോടിനെ മറികടക്കുന്നത് കരിഓയിൽ പൂശിയ തേക്കുതടിപ്പലകകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു പാലത്തിന്റെ തോളിലേറിയാണ്. മിക്കവാറും രാത്രികളിൽ കടപൂട്ടി വീട്ടിലേക്കുള്ള യാത്രയിൽ തങ്കപ്പൻ ചേട്ടൻ ഈ വഴിയിൽ കൂടി ജീപ്പ് പായിക്കാറുണ്ട്. ജീപ്പ് തടിപ്പാലത്തിലെത്തുമ്പോൾ സാധാരണ ദുഃഖവെള്ളിയാഴ്ചകളിൽ "അനന്തരം മിശിഹാ കുരിശിൽ തല ചായ്ച്ചു തന്റെ ജീവനെ സമർപ്പിച്ചു" എന്ന വാചകത്തോടൊപ്പം പള്ളിയിൽ മുഴങ്ങുന്ന മരമണിയുടെ "ഘട ഘട" ശബ്ദത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഭീകരസ്വരം ഉയരാറുണ്ട്. ഈ തങ്കപ്പൻചേട്ടൻ അപ്പന്റെ സതീർഥ്യനാണ്. കാറുള്ളവരെ മുതലാളിമാരായും, ജീപ്പുള്ളവരെ നല്ല നിലയിൽ കഴിയുന്ന മനുഷ്യരായും എന്നിലെ കുട്ടി വേർതിരിച്ചു. സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലാത്ത തന്നെപ്പോലെയുള്ളവരെ ഏതു വിഭാഗത്തിൽ പെടുത്തും എന്ന ആശയക്കുഴപ്പവും ഈ കുട്ടിക്കുണ്ടായിരുന്നു.

അമ്മയോ വല്യമ്മച്ചിയോ തോട്ടിൽ തുണി തിരുമ്മാൻ പോകുമ്പോൾ ഞാനും കൂടെ കൂടിയിരുന്നു ചിലപ്പോൾ. അവിടെയൊക്കെ സാധാരണ കയ്യാലകളിൽ വളരുന്ന ഒരുതരം വള്ളിപ്പടർപ്പുണ്ട്. 'കണ്ണിൽ തുള്ളി' എന്ന്   ഞങ്ങൾ വിളിക്കുന്ന ഈ വള്ളിയിൽ നിന്ന് ഊറിവരുന്ന നല്ല തണുപ്പുള്ള ദ്രാവകം കണ്ണിൽ ഇറ്റിച്ച്‌ കളിക്കുമ്പൊഴോ, തോട്ടിൻകരയിൽ കരിനീലനിറമുള്ള കാക്കപ്പൂവ് തിരയുമ്പൊഴോ, തോർത്തുകൊണ്ട്  ചെറുമീനുകളെ പിടിക്കാൻ ശ്രമിക്കുമ്പൊഴോ ഒക്കെയാവും ലളിത വരിക. മുതിർന്ന മറ്റുപലരിലും അക്കാലങ്ങളിൽ കാണാൻ കഴിയാതിരുന്ന ഒരു ആർദ്രത ലളിതയുടെ നോട്ടത്തിലുണ്ടായിരുന്നു. വെള്ളത്തിൽ അധികനേരം കളിച്ചാൽ ജലദോഷം വരുമെന്നുള്ള മുന്നറിയിപ്പുകൾ നല്കാൻ അമ്മയോടും വല്യമ്മച്ചിയോടും തന്നെ പോന്ന ശുഷ്കാന്തി ലളിതയും കാട്ടി. മൂന്നുമക്കളാണ് ലളിതയ്ക്ക്. അവരിൽ രണ്ടുപേരും അക്കാലത്ത് ഞങ്ങൾ കുട്ടികളിൽ വർദ്ധിച്ച ആരാധനയ്ക്കു പാത്രീഭവിച്ച ഡ്രൈവർ ജോലി നോക്കിയിരുന്നു.

സ്ലേറ്റിൽ പകർത്തിയെഴുതുന്നത് സ്കൂൾ ഹോംവർക്കിലെ ഒരു പ്രധാന ഇനമാണ്. സ്കൂൾ വിട്ടുവന്നാൽ വൈകുന്നേരം തന്നെ മിക്കവാറും പിറ്റേ ദിവസത്തേക്കുള്ള പകർത്ത് എഴുതിവച്ചിരിക്കും. അങ്ങനെ ഒരു ദിവസം കസേരയിൽ സ്ലേറ്റ് കിടക്കുന്നതറിയാതെ അതിനു മുകളിൽ ഇരുന്നായി പ്രഭാതഭക്ഷണം. ഭക്ഷണം കഴിഞ്ഞ് ധൃതിയിൽ സ്കൂളിലേക്കിറങ്ങുമ്പോഴാണ്‌ പകർത്തിവച്ചത് ഏതാണ്ട് നല്ലൊരുഭാഗത്തോളം മാഞ്ഞുപോയതായി കണ്ടത്! ടീച്ചറുടെ അടി ഏകദേശം ഉറപ്പാണ്. ബസ് കാത്തുനിൽക്കുമ്പോൾ മനസ്സിലുള്ള വിങ്ങൽ കണ്ണുനീരായി പുറത്തേക്കൊഴുകിക്കൊണ്ടിരിക്കെ ലളിതയും ബസ് സ്റ്റോപ്പിലെത്തി. "എന്തിനാ കുട്ടി കരയുന്നത്?" കാര്യം പറഞ്ഞപ്പോൾ സ്ലേറ്റു വാങ്ങി നോക്കിയിട്ട് പറഞ്ഞു: "ഇത് കണ്ടാലറിയാമല്ലോ കുട്ടി എഴുതിയിട്ട് മാഞ്ഞുപോയതാണെന്ന്, ഇതിനു ടീച്ചർ ഒന്നും പറയില്ല, അയ്യേ... ആണ്‍കുട്ടികൾ ഇങ്ങനെ കരയാമോ, നാണക്കേടാവില്ലേ?" കരച്ചിലടക്കാൻ ശ്രമിച്ചുവെങ്കിലും ആണ്‍കുട്ടികൾ കരയാൻ പാടില്ലാത്തത്തിന്റെ കാരണം മാത്രം പിടികിട്ടിയില്ല. ലളിത പറഞ്ഞതുപോലെതന്നെ  ടീച്ചർ അടിയൊന്നും തന്നില്ല. സ്ലേറ്റു നോക്കിയശേഷം ഒന്നമർത്തി മൂളി എന്നുമാത്രം.

"ലളിതയെ ഓർക്കുന്നുണ്ടോ നീയ്?"  ആദ്യം ചോദിച്ചതു കേട്ടില്ല എന്നുകരുതി അപ്പൻ ആവർത്തിച്ചു. "ഉവ്വ്" പെട്ടെന്നു മറുപടി പറഞ്ഞു. "ങ്ഹാ...  ലളിത മരിച്ചുപോയി" വർദ്ധിച്ചുവരുന്ന തണുപ്പിനെ പഴിച്ചുകൊണ്ട്  അപ്പൻ പതിയെ നടന്ന്‌ കിടപ്പുമുറിയിലേക്ക് പോയി.

Comments

Popular posts from this blog

തിരുവമ്പാടിയിലെ തിരുവുത്സവങ്ങള്‍

മാധ്യമഭീകരതയുടെ ഇരകള്‍

സമരാശംസകള്‍