തിരുവമ്പാടിയിലെ തിരുവുത്സവങ്ങള്‍
അന്നു ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ ആണ്. ആ ദിവസത്തെ അധ്വാനം (സ്കൂളില്‍ നിന്നു വന്ന ശേഷം ഒട്ടും സമയം പാഴാക്കാതെ അയല്‍വക്കത്തെ വീടുകളെല്ലാം തെണ്ടിത്തിരിയുന്നതു ചില്ലറ അധ്വാനമൊന്നുമല്ലല്ലോ!) തെല്ലൊന്നൊതുക്കി, ഒരു കുളിയും പാസ്സാക്കി ഹോംവര്‍ക്കിലെ ആദ്യപടിയായ പകര്‍ത്തെഴുത്തിനിരുന്നപ്പോള്‍, പതിവുപോലെ രശ്മിയുദെ നാമജപം കേള്‍ക്കുന്നില്ലല്ലോ എന്ന ചിന്ത മനസ്സിനെ ഇത്തിരി അലോസരപ്പെടുത്തിയിരുന്നു. വന്നുവന്നു പകര്‍ത്തെഴുത്തിനൊപ്പം അയല്‍വക്കത്തെ നാമജപവും കൂടിയില്ലെങ്കില്‍ ഒരു ഉഷാറില്ലാത്ത പോലെ. ആ നിരാശ അധികനേരം നീണ്ടില്ല, എന്റെ ശ്രദ്ധ റോഡില്‍ പതിവില്ലാതെ കണ്ട വെളിച്ചത്തില്‍ പതിഞ്ഞു. വെറും വെളിച്ചമല്ല, ഒന്നിനുപുറകെ ഒന്നായി, ഹാലൊജന്‍ ഫ്ലേവറിലുള്ള മിന്നാമിനുങ്ങുകള്‍ അച്ചടക്കത്തോടെ ഒരു ജാഥ പോകുന്നതു പോലെ. ഈ മിന്നാമിനുങ്ങിനൊക്കെ വല്ല ജനിതകമാറ്റവും സംഭവിച്ചിരിക്കുമോ, എന്തോ! കണ്ണൊന്നു നന്നായി തിരുമ്മി സൂക്ഷിച്ചു നോക്കി. കത്തിച്ച വിളക്കുകള്‍ കൈയിലേന്തി കുറേ ചേച്ചിമാര് നിരനിരയായി പോകുന്നു. ഈ സന്ധ്യാനേരത്തു ഇവരൊക്കെ എങ്ങോട്ടാണപ്പാ എന്നു ഞാനൊന്നമ്പരന്നു! ഇനി വല്ല പുതിയ സമരമാര്‍ഗവുമാണെങ്കില്‍ നാളെ സ്കൂളില്‍ പോകാതെ പറ്റിക്കാനായേക്കും എന്നോര്‍ത്ത് ഇത്തിരി ആവേശഭരിതനായി എന്നതു വാസ്തവമാണ്. ഏതിനും ഡീറ്റെയില്‍സ് ശേഖരിക്കണമല്ലോ. തനിയെ റോഡില്‍ വരെ പോകാനുള്ള ധൈര്യം സ്വതേ ഇത്തിരി കൂടുതലുള്ള ഞാന്‍ സ്ലേറ്റ് മാറ്റിവച്ച് അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി.
“ഈ ചേച്ചിമാരൊക്കെ രാത്രിയില്‍ വിളക്കുമായി എങ്ങോട്ടാമ്മേ? “
“എടാ, അതു താലപ്പൊലിയാ, അമ്പലത്തില്‍ ഉത്സവമല്ലേ“. ഓഹോ, ഇതു സമരവും ജാഥയും ഒന്നുമല്ല. വെറുതേ ആശിച്ചു.
“നിനക്കു താലപ്പൊലി കാണണോ?“ ഓ, ചോദിക്കേണ്ട കാര്യമുണ്ടോ, അതിനല്ലേ ഞാനിങ്ങനെ ചുറ്റിത്തിരിയുന്നത്. വഴിവക്കിലെത്തിനോക്കിയപ്പോഴല്ലേ, കൂട്ടുകാര്‍ മിക്കവരും ഹാജരുണ്ട്. അവരുടെയൊക്കെ അമ്മമാരും, ചേച്ചിമാരും വിളക്കുകള്‍ പിടിച്ചിട്ടുമുണ്ട്. രശ്മി അവളുടെ ചിറ്റയുടെ കൂടെ നല്ല സന്തോഷത്തില്‍ നില്പുണ്ട്. സതീശനാണെങ്കില്‍ അമ്മയോടൊപ്പമാണ്. മുതിര്‍ന്നവരുടെ കൈയിലെ വിളക്കിനെക്കാള്‍ തിളക്കം അവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ കണ്ണിലായിരുന്നു! ആകെ ഒരു ഉത്സാഹത്തിമിര്‍പ്പ്.
“അമ്മേ, ഞാനും കൂടെ സതീശന്റെ കൂടെ...?”
“വേണ്ടടാ, എനിക്കു പേടിയാ, ഉത്സവപ്പറമ്പിലേക്ക് നിന്നെ തനിച്ച്... ധാരാളം ജനം കൂടുന്ന സ്ഥലമാ, നീയെങ്ങാനും കൂട്ടം തെറ്റിപ്പോയാലോ?”. പാവം അമ്മയുടെ ഉത്കണ്ഠ ന്യായം. പക്ഷേ, അത് ഒരു രണ്ടാം ക്ലാസ്സുകാരന്റെ വിവേചനബുദ്ധിക്കപ്പുറത്തുള്ളതായിരുന്നു. “സതീശന്റെ അമ്മയും ചേച്ചിയും ഒക്കെ ഉണ്ടല്ലോ അമ്മേ, ഞാന്‍ അവരുടെ കൂടെ നിന്നോളാമെന്നേ...“, എന്റെ വാദങ്ങള്‍ അമ്മയ്ക്കു വിശ്വാസയോഗ്യമായി തോന്നിയില്ല. “വേണ്ട മോനേ, അപ്പ വരുമ്പോ, നിന്നെ കൊണ്ടുപോകും“, അമ്മയുടെ സ്ഥിരം തന്ത്രം പുറത്തെടുത്തു. അപ്പ വരുമ്പോഴേക്കും ശനിയാഴ്ചയാകും. അന്നുവരെ ഈ ചേച്ചിമാര് താലപ്പൊലിയുമേന്തി അങ്ങോട്ടുമിങ്ങോട്ടും നടക്കും എന്നെനിക്കു തീരെ തോന്നിയില്ല. അതിനു മുന്‍പേ ഉത്സവം കൊടിയിറങ്ങാനും സാധ്യതയുണ്ട്. പക്ഷേ, എന്തോ, എനിക്കന്ന് അമ്മയോടതിന്റെ പേരിലൊരു ശണ്ഠ കൂടാനൊന്നും തോന്നിയില്ല. പാവം, അപ്പ കൂടെയില്ലാത്തതിന്റെ വിഷമം ഇനി ഞാന്‍ കൂടി വഴക്കിട്ട് വഷളാക്കണ്ട എന്നു കരുതിയാവും എന്റെ മനസ്സന്ന് അടങ്ങിയത്. ഈ കാര്യത്തില്‍ മാത്രം ഒരു ഏഴു വയസ്സുകാരന്റെ മനസ്സായിരുന്നില്ല അത്. അമ്മയുടെ കുട്ടിയായിരുന്നു ഞാന്‍, അന്നും, എന്നും.
ഉത്സവം കാണാന്‍ കഴിയാത്തതിലുള്ള വിഷമം എന്നെ വല്ലാതെ മഥിച്ചിരുന്നു, വിശേഷിച്ചും സ്ക്കൂളില്‍ വച്ച് സതീശന്റെയും മറ്റും പൊലിമയുള്ള വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍. പിടിച്ചു നില്‍ക്കാനായി തൃശ്ശൂര്‍ മൃഗശാലയില്‍ പോയ കാര്യം ഒന്നു പൊടി തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും, പതിവുപോലെയുള്ള ഒരു സ്വീകരണം ലഭിച്ചില്ല. കാര്യം ക്ലാസ്സില്‍ നിന്നു തൃശ്ശൂര്‍ കണ്ട ഏക വ്യക്തി ഞാനാണെങ്കിലും, ഉത്സവകഥകളായിരുന്നു ബോക്സ് ഓഫീസില്‍ തരംഗമായത്. അല്ലെങ്കിലും ഈ തൃശ്ശൂര്‍ പുരാണം എനിക്കുതന്നെ ബോറായി തുടങ്ങിയിരുന്നു. ദീപാലങ്കാരങ്ങളില്‍ മുങ്ങിക്കുളിച്ചു നിന്ന ക്ഷേത്ര പരിസരവും, അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടം കെട്ടിയ ആനകളും, ചെവിപൊട്ടുമാറുച്ചത്തില്‍ പൊട്ടിത്തെറിച്ച കതിനകളും ആ ഏഴുവയസ്സു മാത്രമുള്ള മനസ്സില്‍ ചെറുതല്ലാത്ത നഷ്ടബോധം നിറച്ചു.
വര്‍ഷങ്ങള്‍ കടന്നുപോയി, തിരുവമ്പാടിയില്‍ അനേകം ഉത്സവസന്ധ്യകളും. ഓരോ തവണയും എന്തെങ്കിലും കാരണം എന്റെ ഉത്സവം കാണല്‍ കൃത്യമായി മുടക്കിയിരുന്നു. മുതിര്‍ന്നപ്പോള്‍ ഏറെയും പരീക്ഷകളായിരുന്നു പ്രതിനായകസ്ഥാനത്ത്. വീണ്ടും മുതിര്‍ന്നപ്പോള്‍ സൌകര്യങ്ങളെല്ലാം ഒത്തുവന്ന സന്ദര്‍ഭങ്ങളിലും അകാരണമായി മനസ്സെന്നെ വിലക്കിത്തുടങ്ങി. തീര്‍ത്തും അകാരണമായിരുന്നില്ല ആ സന്ദേഹങ്ങള്‍. സാധാരണ മനുഷ്യന്റെ ആലോചനയില്‍ വിചിത്രമായ ഒരു ചിന്തയായിരുന്നു അപ്പോള്‍ പ്രതിസ്ഥാനത്ത്! ഇനി നേരില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കുന്ന ആ ഒരു പ്രഭാവം ഇല്ലെങ്കിലോ എന്ന ചിന്ത. ഓരോ വര്‍ഷവും കൂട്ടുകാരുടെ കടും നിറങ്ങളിലുള്ള വര്‍ണ്ണനകള്‍ എന്റെ മനസ്സില്‍ മാനം മുട്ടെ വളര്ന്നുനില്ക്കുന്ന ഒരു തങ്കവിഗ്രഹമായി തിരുവമ്പാടി ഉത്സവത്തെ ‘ട്രാന്സ്ഫിഗര്’ ചെയ്തിരുന്നു. വാസ്തവത്തില്‍ കാണുമ്പോള്‍ ഈ വിഗ്രഹം ഉടഞ്ഞുവീണാല്‍ അത് മനസ്സില്‍ വല്ലാത്ത ശൂന്യത നിറയ്ക്കും എന്നു ഞാന്‍ ഭയന്നു. അതില്‍ എത്ര ശരിയുണ്ടെന്നെനിക്കറിയില്ല. എന്തായാലും, കാണാത്ത ആ ഉത്സവക്കാഴ്ചയുടെ ഹരവും രസവും ഇന്നും മനസ്സില്‍ സുവര്‍ണ്ണശോഭയോടെ ഉണ്ട്, പാടാത്ത പാട്ടിന്റെ മാധുര്യം പോലെ, ചൂടാത്ത പൂവിന്റെ സൌരഭ്യം പോലെ...
Comments
അങ്ങനെ ഒരു ടാലന്റൊന്നുമില്ലെന്നേ, വെറുതേ ഒരു രസത്തിന്;)
പ്രോത്സാഹനങ്ങള്‍ക്കു ആയിരം നന്ദി!
അടുത്തതിനെക്കുറിച്ചൊന്നും പറയാറായിട്ടില്ല.
ഇതു തന്നെ എങ്ങനെയോ സംഭവിച്ചു പോയി എന്നേ ഉള്ളൂ;)
-------------------------------------------------------
നന്ദിയുണ്ട് മിലു, പ്രോത്സാഹനത്തിനും, അഭിനന്ദനങ്ങള്‍ക്കും.
ട്രീറ്റ് നാട്ടില്‍ വരുമ്പോ തരാം :)
----------------------------------------------------
ഇല്ല സാബിന്, ആത്മകഥാംശം ലവലേശം ഇല്ല.
ഒരു ഡിസ്ക്ലെയിമര് ഇട്ടാലോ ;)
thanks da Vijay:)
Adipoli. It is good stuff..Keep it up!!
-Umesh