വിഷു, ഒരമ്മൂമ്മക്കവിതയുടെ കഥ
വിഷു വന്നു പോയിക്കഴിഞ്ഞ് അതിനെക്കുറിച്ചെന്തെങ്കിലും പറയുന്നതിൽ അർത്ഥമുണ്ടോ? താൻ കാവൽ നിൽക്കുന്ന വീട്ടിൽ കയറിയ കള്ളൻ വില പിടിപ്പുള്ളതെല്ലാം അടിച്ചുമാറ്റി, സ്വന്തം തറവാട്ടിലെത്തി ഒരു കുളിയും പാസാക്കിയെന്നുറപ്പായ ശേഷം, കർത്തവ്യബോധത്തിന്റെ നിറവിൽ കുരച്ചലമുറയിട്ടു നാട്ടുകാരെ വെറുപ്പിക്കുന്ന ചില ശുനകവീരന്മാരെപ്പോലെ. അതെന്തെങ്കിലുമാകട്ടെ. നേരവും കാലവും തെറ്റി എന്തൊക്കെ നടക്കുന്നു! 'മഴനീർകണമായ് താഴത്തു വീഴാൻ' ചില ജലദങ്ങൾക്ക് വിധി കാത്തു കുറച്ചേറെ നില്ക്കേണ്ടി വന്നു പോകുന്നു.
വിഷു എന്നു കേൾക്കുമ്പോ പൂത്തുലഞ്ഞു ശാലീനയായി മോഹിപ്പിക്കുന്ന കണിക്കൊന്നയാണ് മനസ്സിലാദ്യം. പിന്നെ പുത്തഞ്ചേരി മൊഴികൾ നല്കി, ചേട്ടൻ എം. ജി. രാധാകൃഷ്ണൻ ചിലമ്പു നല്കി, അനുജൻ എം. ജി. ശ്രീകുമാർ അരങ്ങു തകർത്ത മംഗലശ്ശേരി നീലകണ്ഠന്റെ വിഷുപ്പാട്ട് 'മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്'. ലാസ്റ്റ്, ബട്ട് നോട്ടറ്റോൾ ദ ലീസ്റ്റ്, നാട്ടിലും, തമിഴ്നാട്ടിലുമുള്ള കൊന്നപ്പൂവെല്ലാം ഒരു ദിവസം മുന്നിൽ കണിയായിരിക്കാൻ ഭാഗ്യം ലഭിച്ച ശ്രീകൃഷ്ണൻ. ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഓർമയുടെ നാൾവഴി തുടങ്ങുന്നതാവട്ടെ ഞങ്ങൾ അമ്മച്ചി എന്നു വിളിച്ചിരുന്ന എന്റെ അപ്പന്റെ അമ്മയിലും.
'ഉറിയേലുറിക്കലം, അടയാളക്കെട്ടും കെട്ടി' എന്നു തുടങ്ങുന്ന ഒരു കവിതയുണ്ടായിരുന്നു അമ്മച്ചിയുടെ നാവിൻ തുമ്പിൽ. പല കാരണങ്ങൾ കൊണ്ടും, കാരണമൊന്നുമില്ലാതെയും ദുശ്ശാഠ്യം പിടിച്ചിരുന്ന ഞങ്ങൾ പേരക്കുട്ടികളെ കൈകാര്യം ചെയ്യാനുപയോഗിച്ചിരുന്ന അനേകം ചെപ്പടിവിദ്യകളിലൊന്ന്. വളർത്തമ്മ യശോദ കലത്തിലാക്കി ഉറിയിൽ തൂക്കിയ വെണ്ണ, കട്ടുതിന്ന ഉണ്ണിക്കണ്ണനെ കൈയോടെ പിടികൂടി ചോദ്യം ചെയ്യുമ്പോൾ, താൻ വെണ്ണ തിന്നില്ല എന്നു തെളിയിക്കാൻ അമ്മയ്ക്കു മുമ്പിൽ പിളർന്ന മകന്റെ വായിൽ ഈരേഴുപതിന്നാലു ലോകങ്ങളും കണ്ട് പരിഭ്രാന്തയായി അവനോടു വേഗം വാ പൂട്ടാൻ പറയുന്നതാണീ രസികൻ കവിതയുടെ വൺ ലൈൻ.
'ആഴത്തിൽ നിന്നു ഞാൻ, ആർദ്രമായ് കേഴുന്നു, ദൈവമേ എന്നെ നീ കേൾക്കേണമേ' എന്നു തുടങ്ങുന്ന നസ്രാണികളുടെ മരിച്ചവരുടെ പാട്ടുകുർബാനയിലുള്ള സങ്കീർത്തനത്തിന്റെ അതേ ട്യൂണിലാണ് അമ്മച്ചി 'ഉറിയേലുറിക്കലം' പാടിയിരുന്നത്. ഇന്നും പള്ളിയിൽ ഇതു കേൾക്കുമ്പോഴൊക്കെ അമ്മച്ചിയെ ഓർക്കും. അപ്പോൾ നമ്മൾ, നമ്മൾ പോലുമറിയാതെ, അമ്മച്ചിയുടെ മുമ്പിൽ ഉണ്ണിവായിൽ അണ്ഡകടാഹം ചമഞ്ഞൊരുങ്ങിയ കഥ കേട്ടു വാ പൊളിച്ചു നിന്ന നാലു വയസ്സുകാരനാവും. ഒക്കെ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ 'കൊച്ചു കള്ളി, അപ്പോ ഈ ട്രിക്കൊക്കെ ഞങ്ങൾ കൊച്ചുമക്കൾ മറന്നു പോവാതിരിക്കാനുള്ള സ്ട്രറ്റീജിക് മൂവായിരുന്നല്ലേ! കാഞ്ഞ ബുദ്ധി!' എന്നൊക്കെ വിചാരിച്ചു ചുണ്ടിലൂറിയ ചിരി തുടച്ചിട്ടു നാലുപാടും പാളി നോക്കി വേഗം നടക്കും.
അമ്മൂമ്മക്കവിതയിലൂടെ ചങ്ങാത്തം കൂടിയ കൃഷ്ണൻ അതിനകം തന്നെ വീട്ടിൽ നിന്നും പള്ളിയിൽ നിന്നുമൊക്കെയായി പരിചയപ്പെട്ട ക്രിസ്തുവുമായി തോളോടു തോളുരുമ്മി നടക്കാൻ തുടങ്ങി.
നമ്മുടെ നാടിനും, മതത്തിനും, ഭാഷയ്ക്കുമപ്പുറത്തും ലോകമുണ്ടെന്നും അവിടങ്ങളിലും മനുഷ്യർ ജീവിക്കുന്നുണ്ടെന്നും തേനൂറുന്ന കുട്ടിക്കഥകളിലൂടെയും, കവിതകളിലൂടെയും കൊച്ചുമക്കൾക്കു ചൊല്ലിക്കൊടുത്തിരുന്ന മുത്തശ്ശിമാർക്കൊക്കെ വംശനാശം വന്നു കഴിഞ്ഞിട്ടുണ്ടാവുമോ!
'ഇന്നൊക്കെ എന്താ ഓണവും വിഷുവും! ഒക്കെ പണ്ടല്ലേ!' എന്നു പറയുന്നത് ഒരു ജാതി ക്ലീഷേ വെറുപ്പിക്കലാണ്. അറിയാം. എന്നാലും, നന്മയുടെ കണക്കെടുക്കുന്ന തുലാസിൽ പോയകാലത്തിന്റെ തട്ടിനൊപ്പം ഇന്നിനു താഴാൻ പലപ്പോഴും കഴിയാറില്ലല്ലോ!
******************************************
പ്രിയസുഹൃത്തുക്കൾ വിജയരാഘവന്റെയും, ധന്യയുടെയും വീട്ടിലൊരുക്കിയ വിഷുക്കണിയാണ് ചിത്രത്തിൽ. നാടിനെ നാടിനെക്കാൾ ചേതോഹരമായി പുനഃസൃഷ്ടിക്കാൻ മറുനാട്ടുകാർക്കൊരു പ്രത്യേക നിഷ്കർഷ തന്നെയുണ്ട്.
Comments