വിഷു, ഒരമ്മൂമ്മക്കവിതയുടെ കഥ
വിഷു വന്നു പോയിക്കഴിഞ്ഞ് അതിനെക്കുറിച്ചെന്തെങ്കിലും പറയുന്നതിൽ അർത്ഥമുണ്ടോ? താൻ കാവൽ നിൽക്കുന്ന വീട്ടിൽ കയറിയ കള്ളൻ വില പിടിപ്പുള്ളതെല്ലാം അടിച്ചുമാറ്റി, സ്വന്തം തറവാട്ടിലെത്തി ഒരു കുളിയും പാസാക്കിയെന്നുറപ്പായ ശേഷം, കർത്തവ്യബോധത്തിന്റെ നിറവിൽ കുരച്ചലമുറയിട്ടു നാട്ടുകാരെ വെറുപ്പിക്കുന്ന ചില ശുനകവീരന്മാരെപ്പോലെ. അതെന്തെങ്കിലുമാകട്ടെ. നേരവും കാലവും തെറ്റി എന്തൊക്കെ നടക്കുന്നു! 'മഴനീർകണമായ് താഴത്തു വീഴാൻ' ചില ജലദങ്ങൾക്ക് വിധി കാത്തു കുറച്ചേറെ നില്ക്കേണ്ടി വന്നു പോകുന്നു. വിഷു എന്നു കേൾക്കുമ്പോ പൂത്തുലഞ്ഞു ശാലീനയായി മോഹിപ്പിക്കുന്ന കണിക്കൊന്നയാണ് മനസ്സിലാദ്യം. പിന്നെ പുത്തഞ്ചേരി മൊഴികൾ നല്കി, ചേട്ടൻ എം. ജി. രാധാകൃഷ്ണൻ ചിലമ്പു നല്കി, അനുജൻ എം. ജി. ശ്രീകുമാർ അരങ്ങു തകർത്ത മംഗലശ്ശേരി നീലകണ്ഠന്റെ വിഷുപ്പാട്ട് 'മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്'. ലാസ്റ്റ്, ബട്ട് നോട്ടറ്റോൾ ദ ലീസ്റ്റ്, നാട്ടിലും, തമിഴ്നാട്ടിലുമുള്ള കൊന്നപ്പൂവെല്ലാം ഒരു ദിവസം മുന്നിൽ കണിയായിരിക്കാൻ ഭാഗ്യം ലഭിച്ച ശ്രീകൃഷ്ണൻ. ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഓർമയുടെ നാൾവഴി തുടങ്ങുന്നതാവട്ടെ ഞങ്ങൾ അമ്മച്ചി എന്നു വിള...